ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന കൊലയാളി വൈറസിന്റെ അടുത്ത പ്രഭവ കേന്ദ്രം ആഫ്രിക്കയായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് 19 കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ആഫ്രിക്കയില്‍ ഉണ്ടായിരിക്കുന്നത്. 18,000 കേസുകളും ആയിരത്തോളം മരണങ്ങളും ഇതുവരെ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അമേരിക്ക, ഇറ്റലി,സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ രോഗികളുടെ എണ്ണവും മരണ നിരക്കും വളരെ കുറവാണെന്ന് തോന്നുമെങ്കിലും ആഫ്രിക്കയില്‍ വൈറസ് വ്യാപനം വര്‍ധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. മഹാമാരിയെ നേരിടാന്‍ മിതയായ വെന്റിലേറ്റര്‍ സൗകര്യങ്ങളൊ, മാസ്‌കുകളൊ, പരിശോധനാ കിറ്റുകളോ ഇവിടെയില്ലെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിച്ചു. ഒരുപാട് കൊറോണ വൈറസ് രോഗികളെ ചികിത്സിക്കാനുളള ആരോഗ്യ സംവിധാനങ്ങളില്ലാത്തതിനാല്‍ രോഗം ചികിത്സിച്ചുഭേദമാക്കുക എന്നതിനേക്കാള്‍ പ്രതിരോധിക്കുക എന്നതാണ് ലക്ഷ്യമെന്നും സംഘടന അറിയിച്ചു.
വൈറസ് വ്യാപനം തലസ്ഥാന നഗരങ്ങളില്‍ നിന്ന് ദക്ഷിണാഫ്രിക്ക, ഐവറികോസ്റ്റ്, നൈജീരിയ, കാമറൂണ്‍,ഘാന എന്നിവിടങ്ങളിലെ ഉള്‍പ്രദേശങ്ങളിലേക്ക് വ്യാപിച്ചതായി സംഘടന കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ ഡയറക്ടര്‍ ഡോ. മാത്ഷിഡിസോ മൊയിതി പറഞ്ഞു. സാമൂഹിക അകലം പാലിക്കാന്‍ സാധിക്കാത്ത ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍, ശുദ്ധമായ വെള്ളവും സോപ്പും ലഭിക്കാത്ത ഇടങ്ങളില്‍ വൈറസ് വ്യാപനം വളരെ വേഗത്തിലുണ്ടാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ബുര്‍കിന ഫസോയിലാണ് ആഫ്രിക്കയില്‍ ആദ്യമായി ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചത്. എബോള പോലെയുള്ള ഒട്ടേറെ പകര്‍ച്ചവ്യാധികള്‍ പടരുന്ന ആഫ്രിക്കയില്‍ പുതിയ രോഗം കൂടിയെത്തിയാല്‍ സ്ഥിതി ഭയാനകമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Content Highlight: WHO says Africa is the next hot spot