ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം പതിനയ്യായിരത്തിലേക്ക് കടക്കാറായി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 957 പേര് കൊറോണ ബാധിതതരായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 36 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ മൂലം മരിച്ചവരുടെ എണ്ണം 488 ആയി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്ക് പ്രകാരം രാജ്യത്ത് ഒട്ടാകെ 14,792 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 12,289 പേരാണ് ചികിത്സയില്‍ ഉള്ളത്. 1,766 പേര് രാജ്യത്താകെ രോഗവിമുക്തരായെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കില്‍ വ്യക്തമാക്കുന്നു.
ഡല്‍ഹിയില്‍ കൊറോണ രോഗികളുടെ എണ്ണം ആയിരത്തിയെണ്ണൂറ് കടന്നു. ഇന്നലെ മാത്രം ഡല്‍ഹിയില്‍ 186 പേര് രോഗബാധിതരായി. ഡല്‍ഹി ജഹാംഗീര്‍ പുരിയിലെ ഒരു കുടുംബത്തിലെ 26 അംഗങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് വാര്‍ത്തയായിരുന്നു.
ഡല്‍ഹി സര്‍ക്കാര്‍ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലത്താണ് സംഭവം. ഇവര്‍ സാമൂഹിക അകലം അടക്കമുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. എംയിസിലെ നഴ്സിംഗ് ഓഫീസര്‍ക്കും ഒന്നര വയസ്സുള്ള കുഞ്ഞിനും കൊറോണ സ്ഥിരീകരിച്ചിരുന്നു.
Content Highlight: 957 covid cases confirmd in India last 24 hours