കോവിഡ് പ്രതിരോധം; ജനങ്ങളുടെ മേല്‍ അണുനാശിനി തളിക്കുന്നത് ഹാനികരമെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് ജനങ്ങളുടെ മേല്‍ അണുനാശിനി തളിക്കുന്നത് ഹാനികരമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് ശാരീരികവും മാനസ്സികവുമായ അസ്വസ്ഥതകള്‍ക്ക് കാരണമാകും. കോവിഡ് ബാധിതനായ ഒരാളുടെ ശരീരത്തിനുള്ളിലാണ് കൊറോണ വൈറസ് ഉള്ളതെന്നതു കൊണ്ട് തന്നെ ശരീരത്തിനു മേല്‍ അണുനാശിനി തളിക്കുന്നത് ഉപകാരപ്പെടില്ല. വസ്ത്രത്തിനു മുകളിലും ശരീരത്തിനു മുകളിലും അണുനാശിനി തളിക്കുന്നത് ഗുണം ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുപോലുമില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

പല സ്ഥലങ്ങളിലും സോഡിയം ഹൈപോ ക്ലോറൈറ്റ് മനുഷ്യരുടെ മുകളില്‍ തളിക്കുന്നതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. ഈ രീതി പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ മേധാവികളും അവലംബിച്ച വരുന്നതായി കണ്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയം മറുപടി നല്‍കിയത്. ‘വ്യക്തികളുടെയോ കൂട്ടമാളുകളുടെയോ ദേഹത്ത് അണുനാശിനി തളിക്കണമെന്ന് ഒരു ഘട്ടത്തിലും നിര്‍ദേശിക്കുന്നില്ല. അങ്ങനെ ചെയ്യുന്നത് അവര്‍ക്ക് മാനസികമായും ശാരീരികമായും ഹാനികരമാണ്. അണുനാശിനി രാസഗുണമുള്ളവയാണ്. അതിനാല്‍ തന്നെ അജൈവ വസ്തുക്കളിലാണ് ഇത് പ്രയോഗിക്കാറ്. രോഗവാഹകരായ അണുക്കളെ അവ നശിപ്പിക്കുമെങ്കിലും അതിന് അതിന്റേതായ ദൂഷ്യവശങ്ങളുണ്ടാകും’, ആരോഗ്യ മന്ത്രാലയം പറയുന്നു.

കോവിഡ് രോഗബാധിതരോ ഉണ്ടെന്ന് സംശയിക്കപ്പെടുന്നവരോ പതിവായി തൊടുന്ന പ്രദേശങ്ങള്‍/ഉപരിതലങ്ങള്‍ മാത്രം വൃത്തിയാക്കാനും അണുവിമുക്തമാക്കാനുമാണ് രാസ അണുനാശിനികള്‍ ശുപാര്‍ശ ചെയ്യുന്നത്. മാത്രവുമല്ല ഗ്ലൗസും മറ്റു സുരക്ഷാ കവചങ്ങളും ഉപയോഗിച്ച് അണുനാശിനി പ്രയോഗിക്കാനാണ് നിര്‍ദേശമുള്ളതും.

ഇവയിലടങ്ങിയിരിക്കുന്ന ക്ലോറിന്‍ കണ്ണിന് പ്രശ്നങ്ങളുണ്ടാക്കും. വയറിനും കേടാണ്. ചര്‍ദ്ദി, മനംപുരട്ടല്‍ എന്നിവയ്ക്കും കാരണമാകും. സോഡിയം ഹൈപോക്ലോറൈറ്റ് ശ്വസന പ്രക്രിയയെ തടസ്സപ്പെടുത്തും. മൂക്കിലെയും തൊണ്ടയിലെയും ചെറു പാളികള്‍ക്ക് അസ്വസ്ഥതയുമുണ്ടാക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

Content Highlight: Covid resistance; The Ministry of Health says disinfectant spraying on people is harmful