കൊവിഡ് 19: മുംബൈയില്‍ ഇന്ന് 53 മാധ്യമപ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

മുംബൈ: മുംബൈയില്‍ ഇന്ന് 53 മാധ്യമപ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തേ നഗരത്തിലെ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ കൂട്ടത്തോടെ കൊവിഡ് പരിശോധന നടത്തിയത്. ഇവരില്‍ പലരും ആരോഗ്യ മന്ത്രിയുടെ പ്രതിദിന കൊവിഡ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ഏപ്രില്‍ ഒന്നിന് നടത്തിയ പ്രത്യേക ക്യാമ്പില്‍ വെച്ച് 167 മാധ്യമപ്രവര്‍ത്തകരെയാണ് ബോംബെ മെട്രോ കോര്‍പ്പറേഷന്‍(ബിഎംസി) കൂട്ടത്തോടെ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതില്‍ 53 പേരുടെ റിസള്‍ട്ടാണ് ഇപ്പോള്‍ പോസിറ്റീവായി കണ്ടെത്തിയത്. ബാക്കിയുള്ളവരുടെ ഫലങ്ങള്‍ കൂടി വരാനുണ്ട്. അതുകൊണ്ട് തന്നെ വൈറസ് ബാധിതരുടെ എണ്ണം കൂടാനാണ് സാധ്യത എന്നാണ് ബിഎംസി അധികൃതര്‍ വ്യക്തമാക്കിയത്. നിലവില്‍ മുംബൈയിലെ വിവിധ ന്യൂസ് ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാര്‍ക്കും, ക്യാമറാമാന്മാര്‍ക്കും, ഫോട്ടോഗ്രാഫര്‍മാര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം രോഗം സ്ഥിരീകരിച്ച പലര്‍ക്കും യാതൊരുവിധ രോഗലക്ഷണങ്ങളും ഇല്ലായിരുന്നു എന്നത് ആശങ്ക കൂട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ മാധ്യമപ്രവര്‍ത്തകരോട് ക്വാറന്റൈനില്‍ പോകാനും ന്യൂസ് റൂമുകളില്‍ കര്‍ശനമായും വര്‍ക് ഫ്രം ഹോം പാലിക്കാനുമാണ് ബിഎംസി നിര്‍ദേശം നല്‍കിയിട്ടുള്ളത്. സംസ്ഥാനത്ത് ഇതുവരെ 4,200 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Content Highlight: 53 Television, Newspaper Journalists Confirmed Covid in Mumbai