അഫ്ഗാനിസ്താൻ പ്രസിഡൻ്റിൻ്റെ കൊട്ടാരത്തിലെ 40 ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

Dozens Test Positive for Coronavirus at Afghan President’s Palace

അഫ്ഗാനിസ്താന്‍ പ്രസിഡൻ്റ് അഷറഫ് ഖാനിയുടെ കൊട്ടാരത്തിൽ 40 ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊട്ടാരത്തിൽ കൊവിഡ് വ്യാപനം ഉണ്ടായതിനെ തുടർന്ന് പ്രസിഡൻ്റ് അഷറഫ് ഖാനി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. അതേ സമയം  ഖാനിക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. ഇതുസംബന്ധിച്ച് പ്രസിഡൻ്റിൻ്റെ പ്രതിനിധി ഇതുവരെ പ്രതികരിച്ചിട്ടില്ല.

കൊട്ടാരത്തില്‍ ജോലി ചെയ്തിരുന്ന 100 ലേറെ പേരിൽ കഴിഞ്ഞ ആഴ്ച നടത്തിയ കൊവിഡ് പരിശോധനയിലാണ് 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളും പ്രസിഡൻ്റിൻ്റെ ഓഫീസ് ചീഫ് സ്റ്റാഫുകളും ഉള്‍പ്പെടുന്നു. ഇവരെ നിലവിൽ ക്വാറൻ്റെെനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അഫ്ഗാനിസ്താനിൽ ഇതുവരെ ആയിരത്തിൽ താഴെ മാത്രമേ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. 33 പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അയല്‍ രാജ്യമായ ഇറാനില്‍ 80000 ത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അഫ്ഗാനിസ്താനിലും കൊവിഡ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇറാനില്‍ ജോലി ചെയ്യുന്ന 16000 ത്തോളം അഫ്ഗാനിസ്താന്‍ പൗരന്‍മാര്‍ മാര്‍ച്ചില്‍ രാജ്യത്തേക്ക് തിരിച്ചെത്തിയിട്ടുണ്ടായിരുന്നു. 7000 ത്തോളം കൊവിഡ് ടെസ്റ്റുകള്‍ മാത്രമേ അഫ്ഗാനിസ്താനില്‍ ഇതുവരെ നടത്തിയിട്ടുള്ളൂ.

content highlights: Dozens Test Positive for Coronavirus at Afghan President’s Palace