സൂം ആപ്പിന് പിന്നാലെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനമൊരുക്കി കൈറ്റ്

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി എജ്യുക്കേഷന്‍ സ്വതന്ത്ര വെബ് കോണ്‍ഫറന്‍സിങ് പ്ലാറ്റ് ഫോം ആയ ബിഗ് ബ്ലൂ ബട്ടണ്‍ ഓണ്‍ലൈന്‍ പഠനത്തിനും യോഗങ്ങള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയും വിധം കസ്റ്റമൈസ് ചെയ്തു. കൈറ്റ് തയ്യാറാക്കിയിട്ടുള്ള സമഗ്ര പോര്‍ട്ടലിലും ഈ സൗകര്യം ലഭ്യമാണ്.

വീഡിയോ കോണ്‍ഫറന്‍സിങിനു പുറമേ സ്‌കീന്‍ ഷെയറിങ്, മള്‍ട്ടി യൂസര്‍ വൈറ്റ് ബോര്‍ഡ്, പബ്ലിക് ചാറ്റ്, ഷെയേര്‍ഡ് നോട്ട്‌സ് തുടങ്ങിയവും ഇതില്‍ ലഭ്യമാണ്. അധ്യാപകന് തയ്യാറാക്കിയ സ്ലൈഡുകള്‍, വീഡിയോകള്‍, ഓഡിയോകള്‍ എന്നിവയും വിദ്യാര്‍ഥികളുമായി തത്സമയം പങ്കുവെക്കാം. പ്രസന്റേഷന്‍ ഏരിയ വൈറ്റ് ബോര്‍ഡ് ആയും ഇത് ഉപയോഗിക്കാം. ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ക്കായി കൈറ്റ് രൂപകല്‍പ്പന ചെയ്ത കൂള്‍ എന്ന ലേണിങ് മാനേജ്‌മെന്റ് സിസ്റ്റവുമായി ഇത് ഇന്റഗ്രേറ്റ് ചെയ്തിട്ടുണ്ട്.

ഉടമസ്ഥാവകാശമുള്ള സൂം പോലെയുള്ള കോണ്‍ഫറന്‍സിങ് സംവിധാനങ്ങളില്‍ ഉപയോക്താവിന്റെ സ്വകാര്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി തനതായ ഒരു വെബ് കോണ്‍ഫന്‍സിങ് സംവിധാനം രൂപപ്പെടുത്തുന്നതിന് പുറമേ ഇതിനായി പൊതുജനങ്ങള്‍ക്ക് ഉള്‍പ്പെടെ പരിശീലനം നല്‍കാനും കൈറ്റ് പദ്ധതിയിട്ടിട്ടുണ്ടെന്ന് സിഇഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. അതേസമയം, കൊറോണ വൈറസ് വ്യാപനം തടയുവാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ നാന്നൂറിലധികം ഓണ്‍ലൈന്‍ കോഴ്‌സുകളുമായി എന്‍എസ്ഡിസി ഇ സ്‌കില്‍ ഇന്ത്യ പോര്‍ട്ടല്‍ രംഗത്ത്. പുതിയ കഴിവുകള്‍ നേടാനും അവധിക്കാലം ഫലപ്രദമാക്കാനുമുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്.

ഇംഗ്ലീഷ് സ്‌കോര്‍, എസ്എഎസ് ഇന്ത്യ, സെയ്‌ലര്‍ അക്കാദമി, അപ്ഗ്രാഡ് എന്നിവയുമായി ചേര്‍ന്നാണ് ഇ-സ്‌കില്‍ ഇന്ത്യ ഓണ്‍ലൈന്‍ പഠനം സാധ്യമാക്കുന്നത്. വിവിധ മേഖലകളില്‍ വൈദഗ്ധ്യം ആര്‍ജിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വൈവിധ്യമാര്‍ന്ന ഓണ്‍ലൈന്‍ സ്‌കില്ലിങ് അവസരങ്ങളും ഉണ്ടാകും. വര്‍ക്ക് ഫ്രം ഹോം ചെയ്യുന്ന ജീവനക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും, ബിസിനസ് പ്രൊഫഷണല്‍ കോഴ്‌സുകളിലും സര്‍ട്ടിഫിക്കേഷനുകളിലും എന്റോള്‍ ചെയ്യുന്നതിനും ഈ ആപ്പ്‌ളിക്കേഷന്‍ ഗുണകരമാകും.

Content Highlight: New video conferencing app called KITE introduced