മികച്ച ചികിത്സ നല്‍കിയ കേരളത്തിന് നന്ദി; കൊവിഡ് മുക്തി നേടി റോബര്‍ട്ടോ ടൊണോസോയും മടങ്ങി

തിരുവനന്തപുരം: കോവിഡ് 19 ല്‍ നിന്നും മുക്തിനേടിയ ഒരു വിദേശി കൂടി കേരളത്തോട് നന്ദി പറഞ്ഞ് യാത്രയായി. ഇറ്റലിയില്‍ നിന്നുള്ള റോബര്‍ട്ടോ ടൊണോസോയാണ് നീണ്ട ആശുപത്രി വാസത്തിനുശേഷം രോഗമുക്തി നേടി മടങ്ങിയത്. തിരുവനന്തപുരത്തുനിന്നും ബംഗലൂരുവിലേക്കും അവിടെ നിന്നും ചൊവ്വാഴ്ച ഇറ്റലിയിലേക്കുമാണ് റോബര്‍ട്ടോ ടൊണോസോ പോകുന്നത്. കോവിഡിന്റെ രണ്ടാം ഘട്ടത്തില്‍ വര്‍ക്കലയില്‍ ഏറെ ആശങ്കയുണ്ടാക്കിയയാളാണ് റോബര്‍ട്ടോ ടൊണോസോ.

മാര്‍ച്ച് 13നാണ് ടൊണോസോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇദ്ദേഹത്തെ അഡ്മിറ്റാക്കി. നിരീക്ഷണത്തിലായിരുന്ന സമയത്ത് ഇദ്ദേഹം നിരവധി സ്ഥലങ്ങളില്‍ യാത്രചെയ്തതും ആശങ്കകള്‍ സൃഷ്ടിച്ചിരുന്നു. 126 പേരുമായി ഇയാള്‍ക്ക് സന്പര്‍ക്കമുണ്ടായതായി കണ്ടെത്തിയിരുന്നു. ഗുരുതരമായ മറ്റ് അസുഖങ്ങളും റോബര്‍ട്ടോ ടൊണോസോയ്ക്ക് ഉണ്ടായിരുന്നു. ഇതോടെ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ഇയാള്‍ക്ക് മികച്ച ചികിത്സയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നല്‍കിയത്.

മികച്ച ചികിത്സ നല്‍കിയ കേരളത്തിനും ടൊണോസോ നന്ദി പറഞ്ഞു. ഇന്ത്യയില്‍ പലതവണ വന്നിട്ടുണ്ട്. കേരളത്തെ വളരെയധികം സ്നേഹിക്കുന്നുണ്ട്. എന്നാല്‍ ഇത്തവണ നിര്‍ഭാഗ്യവശാല്‍ കോവിഡ് ബാധിച്ചു. എന്നാല്‍ ഏറെ സന്തോഷം നല്‍കുന്നത് വളരെ മികച്ച ചികിത്സ ലഭിച്ചു എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഡോക്ടര്‍മാരും നഴ്സുമാരും നല്ല സേവനമാണ് നല്‍കിയത്. ഇവിടെനിന്നും മികച്ച ഭക്ഷണവും നല്‍കി. കേരളത്തിന്റെ സ്നേഹം മറക്കാനാവില്ല. ഈയൊരവസ്ഥ കടന്നുപോയാല്‍ അടുത്തവര്‍ഷവും കേരളത്തിലെത്തും. ഈ സന്ദര്‍ഭത്തില്‍ കേരളത്തക്കാള്‍ സുരക്ഷിമായൊരു സ്ഥലമില്ലെന്നും ടൊണോസോ കൂട്ടിച്ചേര്‍ത്തു.

Content Highlight: Roberto Tonozo cured Covid from Kerala and back to Italy