തിരുവനന്തപുരം: ഭേദമായവരിലും വീണ്ടും കോവിഡ് സ്ഥിരീക്കാന്‍ സാധ്യത റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രോട്ടോക്കോള്‍ നടപടികള്‍ക്കപ്പുറം കര്‍ശന തുടര്‍നീരീക്ഷണങ്ങള്‍ക്ക് ആലോചന. ഞായറാഴ്ച ഹിമാചലില്‍ സമാന സ്വഭാവത്തില്‍ രോഗം സ്ഥിരീകരിച്ചതും ഭേദമായവരില്‍ രോഗം വീണ്ടും വരില്ലെന്നതിന് തെളിവില്ലെന്ന ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയുമാണ് നിരീക്ഷണം പുതിയ തലത്തിലേക്ക് മാറ്റുന്നതിനും ആക്ഷന്‍ പ്ലാനിനും ആരോഗ്യവകുപ്പിനെ പ്രേരിപ്പിക്കുന്നത്.
‘പുതിയ സാഹചര്യം വെല്ലുവിളി തന്നെയാണെന്നാണ്’ ആരോഗ്യവകുപ്പിലെ ഉന്നതന്‍ പ്രതികരിച്ചത്. ചില സംശയങ്ങളുണ്ടായിരുന്നുവെങ്കിലും അവ്യക്തത മാറി, പുതിയ സാഹചര്യം നേരിടാന്‍ പുതിയ ആക്ഷന്‍ പ്ലാന്‍ തയാറാക്കണം. പുതിയ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ അടിയന്തര യോഗവും ചേര്‍ന്നു.
വൈറല്‍ രോഗങ്ങള്‍ വന്ന് ഭേദമായാല്‍ ശരീരം വൈറസിനെ പ്രതിരോധിക്കാന്‍ ആര്‍ജിക്കുന്ന ആന്റിബോഡികള്‍ ഏറെക്കാലം നിലനില്‍ക്കുമെന്നതിനാല്‍ രോഗം വീണ്ടും വരാന്‍ സാധ്യതയില്ലെന്നായിരുന്നു വിലയിരുത്തല്‍. ചികന്‍ പോക്‌സ് അടക്കം ഉദാഹരണം. എന്നാല്‍, കോവിഡിനെതിരെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡികളുടെ അതിജീവന സമയപരിധിയില്‍ അവ്യക്തതയുണ്ട്. പുതിയ വൈറസാണെന്നതിനാല്‍ വിശദപഠനം ആവശ്യമുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. ചൈനയിലും ദക്ഷിണ കൊറിയയിലും രോഗം ഭേദമായവരില്‍ വീണ്ടും വൈറസ് ബാധ കണ്ടെത്തിയിരുന്നു.
ശരീരത്തിലെ പ്രതിരോധ സംവിധാനത്തില്‍ നിര്‍ണായകമായ ടി ലിംഫോസൈറ്റുകളെ കോവിഡ് വൈറസ് ദുര്‍ബലമാക്കാന്‍ സാധ്യതയുണ്ടെന്ന പഠനങ്ങളുമുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlight: Chances reported on cured Covid patients again get illness