കൊവിഡ് പ്രതിരോധത്തിൽ ജീവൻ നഷ്ടമാകുന്ന ആരോഗ്യ പ്രവർത്തകരുടെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ

COVID-19: ₹50 lakh compensation if any Odisha healthcare staff dies

കൊവിഡ് പ്രതിരോധത്തിൽ ജീവൻ നഷ്ടമാകുന്ന ആരോഗ്യ പ്രവർത്തകരുടെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിനെതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകരുടെ പ്രധാന്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടുള്ള വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ജീവന്‍ നഷ്ടപ്പെടുന്ന സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകരെ രക്തസാക്ഷികളായി കണക്കാക്കുകയും അവരുടെ ശവസംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുകയും ചെയ്യും. ഇവരുടെ കുടുംബത്തിന്  കേന്ദ്രസര്‍ക്കാരുമായി സംയോജിച്ച് സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം ഉറപ്പാക്കും. ഇവരുടെ വിലമതിക്കാനാവാത്ത ത്യാഗത്തെ അംഗീകരിക്കുന്നതിനായി പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ദേശീയ ദിനങ്ങളില്‍ പുരസ്‌കാരദാന ചടങ്ങ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മരണപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്ക് വിരമിക്കുന്ന ദിവസം വരെയുള്ള ശമ്പളം നല്‍കും. ആരോഗ്യപ്രവര്‍ത്തകരുടെ സേവനങ്ങളെ അവമതിക്കാനായി ആരെങ്കിലും ശ്രമിക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമമുള്‍പ്പടെയുള്ള കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

content highlights: COVID-19: ₹50 lakh compensation if any Odisha healthcare staff dies