ഡേറ്റ ചോരില്ലെന്ന് എന്താണ് ഉറപ്പ്? വിവരങ്ങള്‍ കൈമാറുന്നത് വിലക്കി ഹൈക്കോടതി

കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അമേരിക്കന്‍ മലയാളിയുടെ കമ്പനിയായ സ്പ്രിംഗ്‌ളറിന് ഇനി വിവരങ്ങള്‍ കൈമാറരുതെന്ന് ഹൈക്കോടതി. കൃത്യമായ ഉത്തരങ്ങള്‍ നല്‍കാതെ ഇനി ഡാറ്റ അപ് ലോഡ് ചെയ്യരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കി. സ്പ്രിംഗ്‌ളര്‍ കരാറുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ കോടതി സര്‍ക്കാരിനോട് നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു. സര്‍ക്കാരിന് സ്വന്തമായി ഐടി വിഭാഗം ഉണ്ടല്ലോ. പിന്നെ എന്തിനാണ് സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചതെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. വ്യക്തമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ആശാവര്‍ക്കര്‍മാര്‍ ശേഖരിക്കുന്ന, നിങ്ങള്‍ക്ക് എന്തെല്ലാം രോഗങ്ങളുണ്ട് എന്ന ചോദ്യത്തിന്റെ ഉത്തരം നല്‍കുമ്പോള്‍, ഈ ഡാറ്റ മരുന്ന് കമ്പനികള്‍ക്ക് പോകുമെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ആ വാദത്തില്‍ കാര്യമില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. അപ്പോള്‍ ചികില്‍സാ വിവരങ്ങള്‍ അതിപ്രധാനമല്ലേയെന്ന് കോടതി ചോദിച്ചു.

വിവരങ്ങള്‍ ചോരില്ലെന്ന് എന്താണ് ഉറപ്പ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഉറപ്പുനല്‍കാനാകുമോയെന്ന് കോടതി ചോദിച്ചു. രണ്ടുലക്ഷം പേരുടെ ഡാറ്റ കൈകാര്യം ചെയ്യാനുള്ള സംവിധാനം പോലും സര്‍ക്കാരിന് ഇല്ലേയെന്നും ഹൈക്കോടതി ചോദിച്ചു.

അഭിഭാഷകനായ ബാലു ഗോപാലാണ് സ്പ്രിംഗ്‌ളര്‍ കരാറിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. സ്പ്രിംഗ്‌ളര്‍ കമ്പനിക്കെതിരെ അമേരിക്കയില്‍ ഡാറ്റ മോഷണത്തിന് കേസുണ്ടെന്നും, ഈ സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. വ്യക്തികളുടെ അനുവാദമില്ലാതെ വിവരങ്ങള്‍ കൈമാറരുതെന്നും കേന്ദ്ര ഏജന്‍സിയെ കൊണ്ട് കരാറില്‍ ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Content Highlight: Kerala High Court Banned sharing Covid related data to Springler