കേരളത്തില്‍ ഇന്ന് 11 പേര്‍ക്ക് കൊവിഡ്; കൂടുതല്‍ രോഗികള്‍ കണ്ണൂരില്‍

തിരുവവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം ബാധിച്ചവരില്‍ ഏഴ് പേര്‍ കണ്ണൂരിലാണ്. കോഴിക്കോട് 2 പേര്‍ക്കും കോട്ടയം, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോ ആള്‍ക്കും രോഗം സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ന് പോസിറ്റീവായ 11 കേസുകളില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. വിദേശത്ത് നിന്ന് വന്ന അഞ്ച് പേര്‍ക്കും കോഴിക്കോട് ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരിലൊരാള്‍ കണ്ണൂര്‍ ജില്ലയിലാണ്. ഇരുവരും കേരളത്തിന് പുറത്ത് നിന്ന് ട്രെയിനില്‍ വന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് സംസ്ഥാനത്ത് രോഗം ഭേദമായത് ഒരാള്‍ക്ക് മാത്രമാണ്. പാലക്കാട് സ്വദേശിയാണ് രോഗമുക്തനായത്. ഇത് വരെ 437 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 127 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇന്ന് മാത്രം 95 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഇതുവരെ 20,821 സാമ്പിളുകള്‍ പരിശോധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 19,998 സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

Content Highlight: 11 Covid cases confirm today from Kerala