തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ജീവനക്കാരില്‍ നിന്നും ലോക്ക്ഡൗണ്‍ കാലയളവില്‍ യാത്ര ചെയ്യുന്നതിന് അമിത യാത്ര ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ നിര്‍ദേശം. വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നതിന് 5 ദിവസത്തേക്ക് 750 രൂപ ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
കോവിഡ് കാലയളവില്‍ സര്‍ക്കാരിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍. അതിനാല്‍ തന്നെ ഇക്കാലയളവില്‍ അവര്‍ക്ക് പിന്തുണ നല്‍കുകയാണ് വേണ്ടത്. പരമാവധി ജീവനക്കാര്‍ക്ക് താമസത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എങ്കിലും അതിന് കഴിയാതെ വരുന്ന ജീവനക്കാര്‍ക്കാണ് യാത്ര സൗകര്യം നല്‍കുന്നത്. യാത്രയ്ക്ക് ചെലവാകുന്ന അധിക തുക ആശുപത്രി വികസന ഫണ്ടില്‍ നിന്നും എടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ പ്രവര്‍ത്തകരെ വീടുകളില്‍ നിന്ന് ആശുപത്രിയിലെത്തിക്കാന്‍ വന്‍തുക മെഡിക്കല്‍ കോളജ് ഈടാക്കുന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ ഇടപെടല്‍. ജീവനക്കാരെ സൗജന്യമായി ഏത്തിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് വേണ്ടെന്ന് വച്ചിരുന്നു.
കലക്ടറുടെ നിര്‍ദേശപ്രകാരമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ആരോഗ്യ പ്രവര്‍ത്തകരെ ആശുപത്രിയിലെത്തിക്കാന്‍ കെഎസ്ആര്‍ടിസി 14 ബസുകള്‍ വിട്ടു കൊടുത്തത്. ഡീസല്‍ മാത്രം അടിച്ചു നല്കിയാല് മതിയെന്ന വ്യവസ്ഥയിലായിരുന്നു ഇത്. മെഡിക്കല്‍ കോളജിന് പുറമെ ജനറല്‍ ആശുപത്രി ആര് സി സി എന്നിവിടങ്ങളിലെ ജീവനക്കാരും ഇതിലായിരുന്നു യാത്ര ചെയ്തിരുന്നത്. എന്നാല്‍ രണ്ടു ദിവസം മുമ്പ് ആരോഗ്യ വകുപ്പ് ഏഴ് ബസുകള്‍ നിര്‍ത്തലാക്കി. പകരം സ്വകാര്യ വാനുകള്‍ ഏര്‍പ്പെടുത്തി.
Content Highlight: Health Minister ordered to reduced the travel allowance of health department staffs