ദിവസവുമുള്ള വാര്‍ത്താസമ്മേളനം വെട്ടിച്ചുരുക്കി കേന്ദ്രം; മാധ്യമങ്ങളെ കാണല്‍ ഇനി നാലുദിവസം മാത്രം

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ സ്ഥിതിഗതികള്‍ വ്യക്തമാക്കിക്കൊണ്ടുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനം വെട്ടിച്ചുരുക്കി. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഴ്ചയില്‍ നാലുദിവസം മാത്രമായിരിക്കും ആരോഗ്യമന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനം ഉണ്ടാകുക. തിങ്കള്‍, ചൊവ്വ, വ്യാഴം വെള്ളി ദിവസങ്ങളിലാവും വാര്‍ത്താസമ്മേളനം.

ഒന്നിടവിട്ട ദിവസങ്ങളില്‍ പത്രക്കുറിപ്പിറക്കും. കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനങ്ങളും സമാനമായ രീതിയില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, കോവിഡ് വ്യാപനത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കുമെന്ന് വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു. ആക്രമിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഇന്നുതന്നെ ഇറക്കുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

കോവിഡിന് പിന്നാലെ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ നിരന്തരമായി ആക്രമണങ്ങളെ അഭിമുഖീകരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുകയും ശല്യം ചെയ്യുന്നവര്‍ക്കുമെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ആക്രമിക്കുന്നവര്‍ക്ക് മൂന്ന് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന രീതിയിലാണ് 1987ലെ പകര്‍ച്ചവ്യാധി നിയമത്തില്‍ മാറ്റം വരുത്തുക. ഒരുലക്ഷം മുതല്‍ അ്ഞ്ച് ലക്ഷം രൂപവരെ ഇവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കും. ആരോഗ്യ പ്രവര്‍ത്തകരുടെ വാഹനമോ, ക്ലിനിക്കുകളോ തകര്‍ത്താല്‍ ഇവരില്‍ നിന്ന് രണ്ട് ഇരട്ടി നഷ്ടപരിഹാരം ഈടാക്കും. ഏട്ട് ലക്ഷം രൂപവരെ പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.

Content Highlight: Union Ministry curtail the Covid daily press meet to 4 days a week