അമേരിക്ക ഫണ്ട് വെട്ടിക്കുറച്ചതിന് പിന്നാലെ ലോകാരോഗ്യ സംഘടനയ്ക്ക് മൂന്ന് കോടി ഡോളർ പ്രഖ്യാപിച്ച് ചൈന

China to donate $30M to WHO in fight against COVID-19

ലോകാരോഗ്യ സംഘടനക്ക് മൂന്ന് കോടി ഡോളര്‍ നൽകുമെന്ന് ചെെന. കൊവിഡ് 19നെതിരെയുള്ള പോരാട്ടത്തിന് ലോകാരോഗ്യ സംഘടനയെ സഹായിക്കാനാണ് ചൈന തുക നല്‍കിയതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനിങ് ട്വീറ്റ് ചെയ്തു. വികസ്വര രാഷ്ട്രങ്ങളിലെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്താനും കൂടിയാണ് ഫണ്ട് അനുവദിക്കുന്നതെന്നും ഹുവ ചുനിങ് പറഞ്ഞു. ലോകാരോഗ്യ സംഘടനയ്ക്ക് നൽകുന്ന സംഭാവനകൾ യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് നിർത്തിവച്ചതിന് പിന്നാലെയാണ് ചെെന ലോകാരോഗ്യ സംഘടനയ്ക്ക് കൂടുതൽ പണം നൽകുന്നുവെന്ന് പ്രഖ്യാപിച്ചത്. മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടനക്ക് ചൈന രണ്ട് കോടി ഡോളറാണ് സഹായം നല്‍കിയിരുന്നത്.

ലോകാരോഗ്യ സംഘടനക്ക് കൂടുതല്‍ ഫണ്ട് നല്‍കിയിരുന്ന രാജ്യമായ അമേരിക്ക കൊവിഡ് വിഷയത്തില്‍ ചൈനക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്ന്  ചൂണ്ടിക്കാട്ടി ഫണ്ട് വെട്ടിക്കുറച്ചിരുന്നു. എന്നാൽ അമേരിക്കയോട് ഡബ്ല്യുഎച്ച്ഒ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ഐക്യരാഷ്ട്ര സംഘടന വിഷയത്തിൽ യുഎസിനെ വിമർശിക്കുകയും ചെയ്തിരുന്നു. പിന്നാലെ ഒരാഴ്ചയ്ക്കകമാണ് ചൈനയുടെ പുതിയ നീക്കം.

ലോകാരോഗ്യ സംഘടനക്ക് വലിയതോതിൽ സാമ്പത്തിക പിന്തുണ നൽകിയിരുന്ന അമേരിക്കയുടെ സംഭാവന മുടങ്ങിയാൽ രോഗപ്രതിരോധ രംഗത്ത് ഡബ്ല്യുഎച്ച്ഒ നടപ്പാക്കുന്ന പല പ്രവർത്തനങ്ങളും മുടങ്ങുന്ന സാഹചര്യമുണ്ട്. കഴിഞ്ഞ വർഷം ലോകാരോഗ്യ സംഘടനക്ക് അമേരിക്ക നൽകിയ വിഹിതം 40 കോടി ഡോളറാണ്.

content highlights: China to donate $30M to WHO in fight against COVID-19