കൊവിഡ്-19 നെതിരായ വാക്സിന് പരീക്ഷണം നടത്തി ബ്രിട്ടനിലെ ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി. രണ്ട് പേര്‍ക്കാണ് ഇന്നലെ വാക്സിന് നല്‍കിയത്. എലൈസ ഗ്രനറ്റോ എന്ന ശാസ്ത്രജ്ഞയായ യുവതിയാണ് ആദ്യ ഡോസ് സ്വീകരിച്ചത്. 800 ഓളം പേരിലാണ് പരീക്ഷണം നടത്താന്‍ പോവുന്നത്.
വാസ്കിനോളജി പ്രൊഫസറായ സാറാ ഗില്‍ബെര്‍ട്ടിൻ്റെ നേത്യത്വത്തിൽ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് വാക്സിന് വികസിപ്പിച്ചത്. മൂന്ന് മാസം കൊണ്ടാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. ചിമ്പാന്സികളില് നിന്നും എടുത്ത ഒരു സാധാരണ വൈറസിൻ്റെ ദുര്‍ബലമായ പതിപ്പില്‍ നിന്നാണ് വാക്സിന് നിര്‍മിച്ചിരിക്കുന്നത്. വാക്സിനില്‍ തനിക്ക് 80 ശതമാനം പ്രതീക്ഷയുണ്ടെന്ന് സാറ ഗില്‍ബെര്‍ട്ട് പറഞ്ഞു.
പരീക്ഷണം വിജയിച്ചാല്‍ സെപ്റ്റംബറില്‍ 10 ലക്ഷം വാക്സിനുകള്‍ നിര്‍മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വാക്സിന് വിധേയമാകുന്ന ആളുകളെ നിരന്തരം നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുമെന്നും ഇവര്‍ക്ക് അസ്വസ്ഥതകളുണ്ടാകാന് സാധ്യതയുണ്ടെന്നും റിസ്ക്കുകള്‍ ബോധ്യപ്പെടുത്തിയ ശേഷമാണ് മരുന്ന് പരീക്ഷണം നടത്തുന്നതെന്നും എന്നാല്‍ അപകടസാധ്യത ഇല്ലെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
content highlights: Coronavirus: First patients injected in UK vaccine trial