ഉപാധികളോടെ കരാര്‍ തുടരാം; സ്പ്രിംഗ്‌ളറില്‍ ഇടക്കാല ഉത്തരവ്

കൊച്ചി: ഉപാധികളോടെ സ്പ്രിംഗ്‌ളര്‍ കരാര്‍ തുടരാന്‍ സര്‍ക്കാരിന് അനുമതി നല്‍കി കേരള ഹൈക്കോടതിയുടെ ഉത്തരവ്. കടുത്ത ഉപാധികളോടെ സ്പ്രിംഗ്‌ളറിന് വിവരശേഖരണം തുടരാനാണ് അനുമതി നല്‍കിയിരിക്കുന്നത്. സ്പ്രിംഗ്‌ളര്‍ നേരിട്ടോ അല്ലാതെയോ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് കോടതി ഉത്തരിലുണ്ട്. മൂന്നാഴ്ച കഴിഞ്ഞ് കോടതി കേസ് വീണ്ടും പരിഗണിക്കും.

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തെ ബാധിക്കുന്ന ഇടപെടല്‍ കോടതിയില്‍ നിന്നുണ്ടാകില്ലെന്ന് വ്യക്തമാക്കിയ കോടതി മറ്റൊരു സാഹചര്യമായിരുന്നെങ്കില്‍ ഇടപെടാമായിരുന്നുവെന്നും പറഞ്ഞു. സന്തുലിതമായ നിലപാട് മാത്രമെ ഇപ്പോള്‍ സ്വീകരിക്കാനാവൂവെന്നും കോടതി അറിയിച്ചു.

സ്പ്രിംഗ്ലര്‍ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. വ്യക്തികള്‍ അറിയാതെയും അവരുടെ സമ്മതമില്ലാതെയും വിവരങ്ങള്‍ ശേഖരിക്കരുതെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ച കോടതി സര്‍ക്കാര്‍ ലോഗോ ഉപയോഗിക്കരുതെന്ന് സ്പ്രിംഗ്ലറിനോട് ആവശ്യപ്പെട്ടു. വാണിജ്യ ആവശ്യങ്ങള്‍ക്കായി ഡേറ്റ ഉപയോഗിക്കരുതെന്നും കമ്ബനിയോട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സ്പ്രിംഗ്ലര്‍ ഒരു പരസ്യവും നല്‍കരുതെന്നും കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.

സര്‍ക്കാരെടുത്ത പല നിലപാടുകളോടും യോജിക്കാനാകില്ല. കരാറില്‍ സന്തുഷ്ടിയില്ല. സ്പ്രിംഗ്ലറിന് നല്‍കുന്ന പേര്, മേല്‍വിലാസം, ഫോണ്‍നമ്ബര്‍ എന്നിവ രഹസ്യമായി സൂക്ഷിക്കണമെന്നും ആധാര്‍ വിവരങ്ങള്‍ സ്പ്രിംഗ്ലറിന് നല്‍കരുതെന്നും കോടതി വ്യക്തമാക്കി. സ്പ്രിംഗ്ലറെ കൂടാതെ ഡാറ്റാ ശേഖരണം നടക്കില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. അതുകൊണ്ട് മാത്രം കോടതി ഇപ്പോള്‍ ഇടപെടുന്നില്ല. എല്ലാ വ്യക്തിവിവരങ്ങളും രഹസ്യമാക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു.

Content Highlight: Interim affidavit approved on Sprinkler scam