പ്ലാസ്മ ചികിത്സ ഫലം ചെയ്യുന്നുവെന്ന് സൂചന: കൊവിഡ് മുക്തി നേടിയവര്‍ പ്ലാസ്മ ദാനം ചെയ്യണമെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി: കൊവിഡ് ബാധിതര്‍ക്ക് പ്ലാസ്മ തെറാപ്പി ഫലം ചെയ്യുന്നുവെന്ന ശുഭസൂചനയാണ് ലഭിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ചികിത്സ വന്‍തോതില്‍ നടത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും തേടി. കഴിഞ്ഞദിവസങ്ങളിലെ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് കെജ്രിവാളിന്റെ പ്രസ്താവന.

‘എല്‍.എന്‍.ജെ.പി.എന്‍ ഹോസ്പിറ്റലിലെ നാല് രോഗികളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങള്‍ പ്ലാസ്മ തെറാപ്പി പരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതുവരെയുള്ള ഫലങ്ങളില്‍ നിന്ന് ഇത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നാണ് മനസിലാകുന്നത്’- കെജ്രിവാള്‍ പറഞ്ഞു. പ്ലാസ്മ തെറാപ്പി ഒരു ശാശ്വത പരിഹാരമല്ലെന്നും ഒരു പ്രതീക്ഷ മാത്രമാണെന്നും കെജ്രിവാള്‍ പറയുന്നു. ‘ഇത് ആദ്യത്തെ ഒരു ഫലം മാത്രമാണ്. കൊറോണ വൈറസിന് ഒരു പരിഹാരം കണ്ടെത്തിയതായി നമുക്ക് കരുതാനാകില്ല. ഇത് പ്രതീക്ഷയുടെ ഒരു കിരണം നല്‍കുന്നുവെന്ന് മാത്രമേയുള്ളൂ’- കെജ്രിവാള്‍ പറഞ്ഞു.

കൊവിഡില്‍നിന്ന് പരിപൂര്‍ണമായി മുക്തിനേടിയ ആളുടെ രക്തത്തില്‍ ആ രോഗത്തിനെതിരെ ഉണ്ടാകുന്ന ആന്റിബോഡി ഘടകങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ് പ്ലാസ്മ ചികിത്സ. രോഗമുക്തി നേടിയ ആളുടെ പ്ലാസ്മയിലാണ് ഈ ഘടകങ്ങള്‍ ഉണ്ടാവുക.

രോഗമുക്തനായ ആളുടെ രക്തത്തെ പ്ലാസ്മാഫെറസിസ് മെഷീനിലൂടെ കടത്തിവിട്ടാണ് രക്തകോശങ്ങളെ പ്ലാസ്മയില്‍ നിന്ന് വേര്‍തിരിക്കുക. ആ പ്ലാസ്മ ശീതീകരിച്ച് സൂക്ഷിക്കാം. ഇങ്ങനെ വേര്‍തിരിച്ചെടുക്കുന്ന പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സയാണ് കണ്‍വാലിസന്റ് പ്ലാസ്മാ തെറാപ്പി എന്നും ആന്റിബോഡി ചികിത്സയെന്നും അറിയപ്പെടുന്നത്.

Content Highlight: Kejriwal requested for plasma cells as Plasma treatment get success