അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് 41 കോടി രൂപ; ആരോഗ്യ ജാഗ്രതക്ക് മാലിന്യ സംസ്‌കരണവും, മഴക്കാല പൂര്‍വ ശുചീകരണവും

തിരുവനന്തപുരം: നഗരങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് 41 കോടി രൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് കോവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഇപ്പോള്‍ അനുവദിച്ച 41 കോടി രൂപ 82 നഗരസഭകള്‍ക്ക് പ്രയോജനപ്പെടുത്താനാകും. മാലിന്യ സംസ്‌കരണം, മഴക്കാല പൂര്‍വ ശുചീകരണം, ആരോഗ്യ ജാഗ്രത, ജല സംരക്ഷണം, വനവത്കരണം തുടങ്ങിയ കാര്യങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ ഈ തുക നഗരസഭകള്‍ക്ക് ഉപയോഗിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതിന് 15 കോടി രൂപകൂടി അനുവദിച്ചു. ഇതുവരെ ആകെ അനുവദിച്ചത് 27.5 കോടിയാണെന്നും അദ്ദേഹം പറഞ്ഞു. കേരള തയ്യല്‍ തൊഴിലാളി ക്ഷേമബോര്‍ഡിന് പ്രത്യേക സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതിന് 9.70 കോടി അനുവദിച്ചിട്ടുണ്ട്. നേരത്തെ 53.60 കോടി അനുവദിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Content Highlight: Kerala state planned to survive Covid 19 Pandemic