കൊവിഡ് പ്രതിരോധത്തിന് സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന സാലറി ചാലഞ്ച് ഉത്തരവിറങ്ങി. മന്ത്രിസഭായോഗത്തിന്റെ തീരുമാനപ്രകാരം ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസമായി പിടിച്ചെടുക്കാനാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ ഈ തുക എപ്പോൾ തിരികെ നൽകുമെന്ന് ഉത്തരവിൽ പറയുന്നില്ല. ഒരു മാസത്തെ ശമ്പളം ഇതിനകം സംഭാവന ചെയ്തവർക്ക് ഉത്തരവ് ബാധകമല്ല. ഇരുപതിനായിരം രൂപയിൽ താഴെ ശമ്പളമുള്ളവരെ ഒഴിവാക്കിയിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ശമ്പളം പിടിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ തുക തിരികെ തരുന്നതിൽ വ്യക്തത ഇല്ലാത്തതിനാൽ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് അനുകൂല സംഘടനകൾ വ്യക്തമാക്കി. ശമ്പളം വെട്ടിക്കുറയ്ക്കുന്നതോടെ ഏറ്റവും കുറഞ്ഞ ശമ്പളമുള്ളവർക്ക് പോലും പ്രതിമാസം 4000 രൂപ നഷ്ടപ്പെടും. മൊത്തം ശമ്പളത്തിന്റെ 20 % ജീവനക്കാർക്ക് നഷ്ടമാകും.
പൊതുമേഖലാ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, സര്‍ക്കാരിന്റെ ഗ്രാന്റോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്കും സാലറി ചാലഞ്ച് ബാധകമാണ്. 20,000 രൂപ വരെ മൊത്ത ശമ്പളമുള്ള കാഷ്വൽ സ്വീപ്പർമാർ, ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ, താൽക്കാലിക ജീവനക്കാർ, കരാർ തൊഴിലാളികൾ തുടങ്ങിയവരെ ഒഴിവാക്കിയിട്ടുണ്ട്.
content highlights: Salary challenge order published