സംസ്ഥാനത്ത് രോഗസാധ്യത ഒഴിയുന്നില്ലെന്ന് മുഖ്യമന്ത്രി; മേയ് 3 വരെ ഗ്രീന്‍ സോണ്‍ ഇല്ല; ഏഴിടങ്ങള്‍ കൂടി ഹോട്‌സ്‌പോട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗസാധ്യത ഒഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇനി റെഡ്, ഓറഞ്ച് സോണുകള്‍ മാത്രമാകും. മേയ് 3 വരെ ഗ്രീന്‍ സോണ്‍ ഇല്ല. അതിര്‍ത്തിയില്‍ ജാഗ്രത കൂട്ടും. ഒരാഴ്ചയ്ക്കിടെ കുടകില്‍ നിന്ന് നടന്നെത്തിയത് 57 പേരാണ്. ഇവരെ ഇരിട്ടിയിലെ കോവിഡ് കെയര്‍ സെന്ററുകളിലാക്കി.

ഇടുക്കിയിലും കോട്ടയത്തും മൂന്നിടങ്ങള്‍ വീതവും വര്‍ക്കലയും ഹോട്‌സ്‌പോട്ടാക്കി. ഇടുക്കിയില്‍ നെടുങ്കണ്ടം, ഏലപ്പാറ, വാഴത്തോപ്പ് എന്നി പ്രദേശങ്ങളും, കോട്ടയം ജില്ലയില്‍ വിജയപുരം, കോട്ടയം മുന്‍സിപ്പാലിറ്റി (4 വാര്‍ഡുകള്‍), പനച്ചിക്കാട് എന്നിവടവും ഹോട്ട്‌സ്‌പോട്ടാക്കി. തിരുവനന്തപുരം കോര്‍പറേഷനെ ഹോട്‌സ്‌പോട്ട് പട്ടികയില്‍ നിന്ന് ഒഴിവാക്കി.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ചരക്ക് വാഹനങ്ങള്‍ സത്യവാങ്മൂലം കരുതണം. ഡ്രൈവര്‍മാരും സഹായികളും തിരിച്ചറിയല്‍ രേഖകളും കാണിക്കണം. ഈക്കാര്യം കാണിച്ച് തമിഴ്‌നാട്, കര്‍ണാടക ചീഫ് സെക്രട്ടറിമാര്‍ക്ക് ഡി.ജി.പി കത്തയച്ചു. വാഹനങ്ങളില്‍ ആളുകളെ ഒളിച്ചുകടത്തുന്നത് തടയാനാണ് നടപടി.

ജീവന്‍ രക്ഷാമരുന്നുകള്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴി എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡയാലിസിസ് വേണ്ടവര്‍, അവയവം മാറ്റിവച്ചവര്‍, അര്‍ബുദരോഗികള്‍ എന്നിവര്‍ക്ക് പ്രയോജനം ലഭിക്കും. ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കാരുണ്യ, നീതി സ്റ്റോറുകളില്‍ നിന്ന് വാങ്ങാം. കന്യാകുമാരി ജില്ലാ ആശുപത്രിയെ ആര്‍സിസി സഹകരണത്തോടെ കാന്‍സര്‍ ആശുപത്രിയാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഗള്‍ഫില്‍ നിന്ന് മൃതദേഹങ്ങള്‍ എത്തിക്കാനുള്ള തടസം നീക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ലോക്ഡൗണിന് മുന്‍പ് ബുക്ക് ചെയ്ത വിമാനടിക്കറ്റുകള്‍ക്കും റീഫണ്ട് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Content Highlight: There is no hot spots in Kerala till May 3