പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ അനുമതി

Centre issues new order about the transfer of NRIs Mortal Remains

വിദേശ രാജ്യങ്ങളിൽ വെച്ച് മരിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിൻ്റെ അനുമതി. ഇതുസംബന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറക്കി. വിദേശകാര്യ, ആരോഗ്യ മന്ത്രാലയങ്ങളുടെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവിൽ പറയുന്നു. കോവിഡ്19 പ്രതിരോധ മാര്‍ഗ്ഗരേഖ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം. 

മൃതദേഹങ്ങൾ കൊണ്ടുപോകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രത്യേക അനുമതി വിമാനക്കമ്പനികൾ വാങ്ങിയിരിക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവ്. ഇതുമൂലം ന്യൂഡൽഹിയിലേക്ക് അയച്ച മൂന്നു മൃതദേഹങ്ങൾ അബുദാബിയിലേക്ക് തിരിച്ചയച്ചിരുന്നു. കൂടാതെ ദുബായിൽ നിന്ന് കൊച്ചിയിലേക്ക് മൃതദേഹം കൊണ്ടുപോകാനാവില്ലെന്നും അറിയിച്ചിരുന്നു.

ഡൽഹിയിൽ നിന്ന് അബുദാബിയിലേക്കു മടക്കി അയച്ച മൂന്നു മൃതദേഹങ്ങളും അധികൃതരുടെ കനിവ് കാത്തിരിക്കുകയാണ്. ഇതേ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഗള്‍ഫ് നാടുകളില്‍ ഉയര്‍ന്നത്. തുടർന്നാണ് പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള സർക്കാരിൻ്റെ പുതിയ ഉത്തരവ്. അതേസമയം കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം തിരിച്ചു കൊണ്ടു വരാൻ സാധിക്കില്ല.

content highlights: Centre issues new order about the transfer of NRIs Mortal Remains