ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കാന്‍ ആലോചന; നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പരിഗണനയില്‍

ന്യൂഡല്‍ഹി: ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കാന്‍ റെയില്‍വേ ആലോചിക്കുന്നു. അടിയന്തര സ്വഭാവമുള്ള യാത്രകള്‍ക്കായി മാത്രം സര്‍വീസ് പുനരാരംഭിക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ത്തന്നെ കുറച്ച് തീവണ്ടികള്‍ മാത്രമാകും ഇത്തരത്തില്‍ സര്‍വീസ് നടത്തുകയുള്ളൂ. ഇതിന് യാത്ര ചെയ്യുന്നവര്‍ ഉയര്‍ന്ന തുകയും നല്‍കേണ്ടിവരും.

ഇത്തരത്തില്‍ സര്‍വീസ് പുനരാരംഭിക്കാനുള്ള ശുപാര്‍ശ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ആളുകള്‍ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുമെന്നതിനാല്‍ ഇത്തരം ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ അനുവദിക്കില്ല. സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ മാത്രമുള്ള ട്രെയിനുകളാകും സര്‍വീസ് നടത്തുക. ആദ്യഘട്ടത്തില്‍ ഗ്രീന്‍ സോണുകളില്‍ മാത്രമാണ് ട്രെയിന്‍ ഓടിക്കാന്‍ പരിഗണിക്കുന്നത്.

ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങള്‍ ഒഴിവാക്കുകയോ സ്റ്റോപ്പ് അനുവദിക്കാതിരിക്കല്‍ എന്നിവയുണ്ടാകും. ഇത്തരം ട്രെയിനുകളില്‍ സാധുവായ ടിക്കറ്റില്ലാത്ത ആരെയും യാത്ര ചെയ്യാന്‍ അനുവദിക്കുകയുമില്ല. മുതിര്‍ന്ന പൗരന്മാര്‍, അംഗപരിമിതര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കുള്ള നിരക്കിളവുകള്‍ ട്രെയിനുകളില്‍ ഉണ്ടാകില്ല തുടങ്ങിയ നിര്‍ദേശങ്ങളാണ് പരിഗണനയിലുള്ളത്.

Content Highlight: Indian Railway planned to resume train services to cover emergency