കോട്ടയം ജില്ലയില്‍ മൂന്നു പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. മണര്‍കാട് സ്വദേശിയായ ലോറി ഡ്രൈവര്‍ (50), സംക്രാന്തി സ്വദേശിനി (55), കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍റെ മാതാവ് (60) എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ആറായി.
ഇടുക്കി ജില്ലയില്‍ രോഗം സ്ഥിരീകരിച്ച പാലാ സ്വദേശിനി, കോട്ടയം മാര്‍ക്കറ്റിലെ ലോഡിങ് തൊഴിലാളി, പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ എന്നിവർക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആറു പേരും ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ച മണര്‍കാട് സ്വദേശി അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ചരക്ക് ലോറിയുടെ ഡ്രൈവറാണ്. മാര്‍ച്ച് 25ന് മഹാരാഷ്ട്രയില്‍ നിന്ന് നാട്ടിലെത്തിയ ശേഷം ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം വീട്ടില്‍ 28 ദിവസം ക്വാറന്‍റീൻ പൂര്‍ത്തിയാക്കിയിരുന്നു. സംക്രാന്തി സ്വദേശിനി ഒന്നര മാസം മുമ്പാണ് ഷാര്‍ജയില്‍ നിന്ന് എത്തിയത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
content highlights: New coronavirus positive cases in Kottayam