കോഴിക്കോട്-മലപ്പുറം ജില്ല അതിർത്തി പൊലീസ് അടച്ചു

police closed Kozhikode-Malappuram border

കോഴിക്കോട്- മലപ്പുറം ജില്ലാ അതിര്‍ത്തികളിലുള്ള റോഡുകള്‍ പൊലീസ് കരിങ്കല്ല് ഉപയോഗിച്ച് അടച്ചു. ജനം അതിര്‍ത്തി കടക്കുന്നത് പതിവായതോടെയാണ് പൊലീസ് അതിര്‍ത്തി അടച്ചത്. മുക്കം ജനമൈത്രി പൊലീസാണ് അതിര്‍ത്തികള്‍ അടച്ചത്. വാലില്ലാപ്പുഴ – പുതിയനിടം റോഡ്, തേക്കിന്‍ ചുവട് – തോട്ടുമുക്കം റോഡ്, പഴംപറമ്പ് – തോട്ടുമുക്കം എടക്കാട് റോഡ്, പനം പിലാവ് – തോട്ടുമുക്കം റോഡ് എന്നിവടങ്ങളിലുള്ള അതിര്‍ത്തികളാണ് അടച്ചത്.

കോഴിക്കോടും മലപ്പുറവും കൊവിഡ് 19 റെഡ്‌ സോണില്‍പ്പെട്ട ജില്ലകളാണ്. രോഗബാധ സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ടവരും രോഗബാധിത പ്രദേശങ്ങളില്‍ നിന്നുള്ളവരും മുക്കം ഭാഗത്തേക്ക് എത്തുന്നത് പൊലീസിൻ്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇട റോഡുകളടക്കം പോലീസ് അടച്ചിരിക്കുന്നത്. മുക്കം ജനമൈത്രി സബ് ഇന്‍സ്‌പെക്ടര്‍ അസൈന്‍, എ.എസ്.ഐ. സലീം മുട്ടാത്ത്, ഹോം ഗാര്‍ഡ് സിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് റോഡുകള്‍ അടച്ചത്. പ്രദേശത്തെ പരിശോധന കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, മതിയായ രേഖകള്‍ ഉള്ളവരെ കൂഴിനക്കി പാലം, എരഞ്ഞി മാവ് ചെക്ക്‌പോസ്റ്റുകൾ വഴി കടത്തിവിടുന്നുണ്ട്.

content highlights: police closed Kozhikode-Malappuram border