ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി 6 സംസ്ഥാനങ്ങൾ രംഗത്തെത്തി. ഡല്‍ഹി, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, ഒഡിഷ സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണില്‍ ഉടന്‍ ഇളവ് പ്രഖ്യാപിക്കരുതെന്ന ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഏപ്രില്‍ 14 ന് പ്രഖ്യാപിച്ച രണ്ടാം ലോക്ക് ഡൗണ്‍ കാലാവധി മേയ് 3 ന് അവസാനിക്കാനിരിക്കെയാണ് സംസ്ഥാനങ്ങള്‍ ആവശ്യവുമായി രംഗത്തെത്തിയത്. നാളെ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യം സംസ്ഥാനങ്ങൾ ആവശ്യപ്പെടും. എന്നാൽ നാളത്തെ പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സിന് ശേഷമേ കേരളം, അസം, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണിനെ സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളു.
നിലവില്‍ തെലങ്കാന മാത്രമാണ് ലോക്ക് ഡൗണ്‍ നീട്ടിയതായി പ്രഖ്യാപിച്ച സംസ്ഥാനം. മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മുംബൈ, പുണെ സിറ്റികള്‍ മെയ് 18 വരെയെങ്കിലും അടച്ചിടണമെന്നാണ് മഹാരാഷ്ട്രയുടെ ആവശ്യം. മെയ് പകുതി വരെ ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് ഡല്‍ഹിയുടെ ആവശ്യം. അതേ സമയം രോഗവ്യാപനം കുറഞ്ഞയിടങ്ങളില്‍ ലോക്ക് ഡൗണ്‍ ഇളവ് അനുവദിക്കണമെന്നതാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ നിലപാട്. പ്രധാനമന്ത്രിയുമായി സംസ്ഥാന മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് നാളെ നടക്കും. വീഡിയോ കോണ്‍ഫറന്‍സില്‍ ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് ധാരണയുണ്ടായേക്കും.
content highlights: 6 states want lockdown to extend after May 3