കൊവിഡ് ബാധിച്ച ലോറി ഡ്രൈവറുടെ നേതൃത്വത്തിൽ ചീട്ടുകളിച്ചത് മൂലം 24 പേർക്ക് കൊവിഡ് പകർന്നു. ആന്ധ്രാപ്രദേശ് വിജയവാഡയിലെ കൃഷ്ണലങ്കയിലാണ് ചീട്ടുകളി പ്രശ്നം സൃഷ്ടിച്ചത്. ബോറടിമാറ്റാൻ വേണ്ടിയാണ് ലോറി ഡ്രൈവർ ചീട്ടുകളിക്കാനിറങ്ങിയത്. സുഹൃത്തുക്കളും അയൽക്കാരുമെല്ലാം കളിക്കാൻ കൂടി. മൊത്തം 24 പേരുണ്ടായിരുന്നു. ഇവർക്കെല്ലാം തന്നെ രോഗബാധയുണ്ടായി എന്ന് ജില്ല കളക്ടർ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിജയവാഡയ്ക്ക് സമീപത്തെ മറ്റൊരു സ്ഥലത്തും ലോറി ഡ്രൈവർ മൂലം ആളുകളിൽ വൈറസ് ബാധയുണ്ടായതായി റിപ്പോർട്ടുണ്ട്. കർമിക നഗർ എന്ന സ്ഥലത്താണ് 15 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ലോക്ക് ഡൗൺ ലംഘിച്ച് ഒരു ലോറി ഡ്രൈവർ ജനങ്ങളുമായി ഇടപഴകിയതാണ് ഇവിടെ രോഗ വ്യാപനത്തിന് കാരണമായത്. സമാനമായ രണ്ടു സംഭവങ്ങളിലുമായി 40 ഓളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സാമൂഹി അകലം പാലിക്കണമെന്ന നിർദേശം ജനങ്ങൾ പലയിടങ്ങളിലും പാലിക്കുന്നില്ലെന്നതാണ് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നതെന്ന് ജില്ല കളക്ടർ പറയുന്നു. വിജയവാഡയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 100ൽ അധികം കേസുകളാണ് ഇവിടെ ഇതുവരെ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്.
content highlights: ‘Bored’ truck driver plays cards with friends, leads to 24 getting Covid-19 in Andhra Pradesh