ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 വ്യാപനം നടന്നിട്ടുള്ള റെഡ് സോണുകളില്‍ ലോക്ക്ഡൗണ്‍ തുടരാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേയ് മൂന്നിന് അവസാനിക്കുന്ന ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് കോവിഡ് അതിവ്യാപന മേഖലകളില്‍ ലോക്ക്ഡൗണ്‍ തുടരണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചത്.
പൊതുഗതാഗത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരണം. വിദ്യാഭ്യാസ സ്ഥാപനങ്ങളും മത സ്ഥാപനങ്ങളും ആരാധനാകേന്ദ്രങ്ങളും അടച്ചിടണം. എല്ലാ റെഡ് സോണുകളെയും ഓറഞ്ചിലേക്കും ഗ്രീനിലേക്കും കൊണ്ടുവരാന്‍ സംസ്ഥാനങ്ങള്‍ പ്രയത്നിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. കോവിഡിനെ പ്രതിരോധിക്കുമ്പോഴും രാജ്യത്തെ സമ്പദ്വ്യവസ്ഥയില് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. സാമ്പത്തിക മേഖലയെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും സമ്പദ്വ്യവസ്ഥ സുദൃഢമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
യോഗത്തില്‍ സംസാരിച്ച ഒമ്പത് മുഖ്യമന്ത്രിമാരില്‍ അഞ്ചുപേരും ലോക്ക്ഡൗണ്‍ അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു. ബാക്കിയുള്ളവര്‍ വൈറസ് ബാധിത മേഖലകളില്‍ ലോക്ക്ഡൗണ്‍ തുടരണമെന്ന നിലപാടാണ് അറിയിച്ചത്. വൈറസ് ബാധയുടെ തീവ്രതയനുസരിച്ച് പദ്ധതികള്‍ തയാറാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും പ്രധാനമന്ത്രി നിര്‍ദേശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന് എന്നിവരും പ്രധാനമന്ത്രിയുടെ ഓഫീസിലെയും ആരോഗ്യ മന്ത്രാലയത്തിലെയും ഉന്നതോദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
ഒമ്പത് മുഖ്യമന്ത്രിമാര്‍ക്കാണ് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരടക്കമുള്ള മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു.
Content Highlight: Lock Down should be continued in Red Zones in India