നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾക്കുള്ളിൽ നോർക്കയിൽ രജിസ്റ്റർ ചെയ്തത് ഒന്നരലക്ഷം പ്രവാസികൾ

mass response for online registration of norka

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച് നോര്‍ക്ക റൂട്ട്‌സിൻ്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തത് ഒന്നരലക്ഷം പ്രവാസികൾ. ആദ്യ രണ്ട് മണിക്കൂറില്‍ തന്നെ മുപ്പതിനായിരം പേരാണ് നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ന് രാവിലെ ആറ് മണി വരെ 1.47 ലക്ഷം പേര്‍ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തു.

ഇന്നലെ അർദ്ധരാത്രി മുതൽ തുടങ്ങാനിരുന്ന രജിസിട്രേഷൻ സാങ്കേതിക കാരണങ്ങളാൽ വൈകിയാണ് തുടങ്ങിയത്. യു.എ.ഇയില്‍ നിന്നാണ് ഏറ്റവും അധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഖത്തറില്‍ നിന്നും സൗദിയില്‍ നിന്നും കുവൈത്തില്‍ നിന്നും ഒമാനില്‍ നിന്നുമെല്ലാം പതിനായിരക്കണക്കിന് ആളുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. കൊവിഡ് പടര്‍ന്നുപിടിക്കുന്ന അമേരിക്കയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ 324 ആളുകളാണ് രജിസ്റ്റര്‍ ചെയ്തത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം യു.കെയില്‍ നിന്നാണ്. മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നും നൂറിലേറെപ്പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ സര്‍ക്കാര്‍ കണക്കുകൂട്ടിയതിലും കൂടുതല്‍ ആളുകള്‍ സംസ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്നാണ് കരുതുന്നത്.

വിദേശത്ത് കുടുങ്ങി കിടക്കുന്നവരെ തിരിച്ചു കൊണ്ടുവരുന്നതും വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ വിദേശത്തേക്ക് മടക്കി കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തിയിരുന്നു. തുടർന്ന് സംസ്ഥാന സ‍ർക്കാ‍ർ ഏജൻസിയായ നോ‍ർക്ക റൂട്ട്സ് മടങ്ങി വരാൻ താത്പര്യപ്പെടുന്നവരുടെ രജിസട്രേഷൻ ആരംഭിച്ചു. തിരിച്ചെത്തുന്നവരുടെ കൃത്യമായ കണക്ക് കിട്ടാനും നിരീക്ഷണ സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കുന്നതിനുമാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും ഒന്നിച്ചുകൊണ്ടുവരാനുള്ള വിമാന സര്‍വ്വീസ് ഉണ്ടാവാനിടയില്ല. റഗുലര്‍ സര്‍വ്വീസ് ആരംഭിക്കുംമുമ്പ് പ്രത്യേക വിമാനത്തില്‍ അത്യാവശ്യം ആളുകളെ കൊണ്ടുവരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

content highlights: mass response for online registration of norka