ധാരാവിയിൽ 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിൽ കൊവിഡ് രോഗികളുടെ എണ്ണം 288 ആയി. 14 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിതരെ കണ്ടെത്തുന്നതിൻ്റെ ഭാഗമായി 350 സ്വകാര്യ ക്ലിനിക്കുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിച്ചു. 1068 നഴ്സിങ് ഹോമുകളാണ് കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി മുംബൈയിൽ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്.
ഏപ്രിൽ 1നാണ് ധാരാവിയിൽ ആദ്യ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ധാരാവിയിൽ കൊവിഡ് പരിശോധനയ്ക്കെത്തിയ ഡോക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടൊപ്പം ധാരാവിയിൽ ജോലി ചെയ്ത ആറ് പൊലീസുകാരും രോഗബാധിതരായി. കൊവിഡ് പ്രതിരോധമേഖലയിൽ ജോലി ചെയ്യുന്ന കൂടുതൽ പേരിലേക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുംബൈ പൊലീസിലെ 55 വയസിന് മുകളിലുള്ളവരോടും ഏതെങ്കിലും രോഗത്തിന് ചികിത്സ തേടുന്നവരോടും ജോലിയിൽ നിന്ന് അവധിയെടുക്കാൻ അധികൃതർ നിർദ്ദേശം നൽകി. മുംബൈയിൽ ഇതുവരെ മൂന്ന് പൊലീസുകാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മൂവരും 50 വയസിന് മുകളിൽ പ്രായമുള്ളവരായിരുന്നു.
content highlights: 13 more covid cases confirmed in Dharavi