സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള  ഉത്തരവ് സ്റ്റേ ചെയ്ത് ഹെെക്കോടതി

 Kerala High court stays the government of Kerala's salary cut order

കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹെെക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് സ്റ്റേ അ‌നുവദിച്ചിരിക്കുന്നത്. മേയ് 20ന് കേസ് വീണ്ടും പരിഗണിക്കും. ജീവനക്കാരും സംഘടനകളും സമർപ്പിച്ച ഒരുകൂട്ടം ഹർജികളിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ ഉത്തരവ്.

സർക്കാർ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അ‌ഞ്ചു മാസം പിടിക്കാനുള്ള സർക്കാർ ഉത്തരവിനാണ് സ്റ്റേ നൽകിയത്. ഉത്തരവിനു നിയമത്തിൻ്റെ പിൻബലം കാണുന്നില്ലെന്നാണ് കോടതി ചൂണ്ടികാണിച്ചത്. ശമ്പളം ജീവനക്കാരുടെ അ‌വകാശമാണെന്നും അ‌ത് സ്വത്തിൻ്റെ പരിധിയിൽ വരുമെന്നും പറഞ്ഞ ​ഹൈക്കോടതി പ്രത്യേക ഉത്തരവിലൂടെ ശമ്പളം തടഞ്ഞുവെക്കാനാകില്ലെന്നും വ്യക്തമാക്കി. പിടിക്കുന്ന തുക എങ്ങനെ ഉപയോഗിക്കുമെന്ന കാര്യത്തിൽ ഉത്തരവിൽ അവ്യക്തതയുണ്ടെന്നും കോടതി പറഞ്ഞു. 

ജീവനക്കാരിൽനിന്നു ശമ്പളം പിടിക്കാന്‍ അധികാരമുണ്ടെന്നായിരുന്നു സര്‍ക്കാരിൻ്റെ വാദം‍. സാലറി കട്ടല്ല, താൽക്കാലികമായ മാറ്റിവയ്ക്കലാണ് ഇതെന്നും സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ സി.പി. സുധാകരപ്രസാദ് വാദിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാരിന് 8000 കോടി രൂപ ആവശ്യമുണ്ടെന്നും കോടതിയിൽ വ്യക്തമാക്കി. എന്നാൽ ഈ വാദം തള്ളിയ കോടതി സാമ്പത്തിക പ്രതിസന്ധി ശമ്പളം നീട്ടിവെക്കാനുള്ള ന്യായീകരണ​മല്ലെന്ന് വ്യക്തമാക്കുകയായിരുന്നു. സർക്കാരിൻ്റെ ശമ്പളം മാറ്റിവെക്കാനുള്ള ഉത്തരവിനെതിരേ എയ്ഡഡ് സ്കൂൾ അ‌ധ്യാപകരുടെയും കെഎസ്ഇബി, കെഎസ്ആർടിസി ജീവനക്കാരുടെയും സംഘടനകളാണ് ​​ഹൈക്കോടതിയെ സമീപിച്ചത്. 

content highlights:  Kerala High court stays the government of Kerala’s salary cut order