കേരളത്തില്‍ ഇന്ന് 10 പേര്‍ക്ക് കൊവിഡ്; 10 പേര്‍ രോഗ മുക്തര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച പത്തുപേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ ആറു പേര്‍ക്കും തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളില്‍ രണ്ടു പേര്‍ക്കു വീതവുമാണു രോഗം സ്ഥിരീകരിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

കൊല്ലത്തുള്ള അഞ്ചു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണു രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ ആന്ധ്രയില്‍നിന്നു വന്നയാളാണ്. തിരുവനന്തപുരത്തു രോഗം ബാധിച്ച ഒരാള്‍ തമിഴ്‌നാട്ടില്‍നിന്ന് വന്നതാണ്. കാസര്‍ഗോട്ട് രണ്ടു പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ച രോഗം ബാധിച്ചവരില്‍ മൂന്നുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഒരാള്‍ മാധ്യമപ്രവര്‍ത്തകനും. കാസര്‍ഗോട്ടെ ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

കേരളത്തില്‍ ഇതുവരെ 495 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 123 പേരാണ് ഇപ്പോള്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 20,763 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നു. ഇവരില്‍ 20,172 പേര്‍ വീടുകളിലും 51 പേര്‍ ആശുപത്രികളിലുമാണ് ചികിത്സയില്‍ കഴിയുന്നത്. 84 പേരെയാണ് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlight: 10 Covid cases confirmed today in Kerala