ചെന്നെെയിൽ ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 103 പേർക്കാണ്. ഇതോടെ നഗരത്തിലെ ആകെ രോഗികളുടെ എണ്ണം 673 ആയി ഉയർന്നു. കോയമ്പേട് മാർക്കറ്റിലെ പൂ കച്ചവടക്കാർക്കും നുങ്കമ്പാക്കം പൊലീസ് സ്റ്റേഷനിലെ 2 പൊലീസുകാർക്കും രോഗം സ്ഥിരീകരിച്ചതോടെ സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന ആശങ്ക ഉയരുന്നുണ്ട്.
നഗരത്തിലെ ഒരു തെരുവില്‍ നിന്ന് മാത്രം രോഗലക്ഷണങ്ങളുമായി 16 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുളിയന്തോപ്പിലും അമ്പത്തൂരിലും പച്ചക്കറി വിൽപ്പനക്കാർ വഴി പത്തിലേറെ പേർക്കു രോഗം പടർന്നതായി കണ്ടെത്തി. കോയമ്പേട് മാർക്കറ്റിൽ ഇതുവരെ 4 കച്ചവടക്കാർക്കു രോഗം സ്ഥിരീകരിച്ചു. മാർക്കറ്റിനു സമീപം അനധികൃതമായി തുറന്നുവച്ചിരുന്ന സലൂണിലെ ബാർബർക്ക് രോഗം സ്ഥിരീകരിച്ചതും സമൂഹ വ്യാപനമെന്ന ഭീഷണിയുയർത്തുന്നുണ്ട്.
അതേസമയം, റോയാപുരം, തൊണ്ടയാർപേട്ട്, തിരുവിക നഗർ, കോടമ്പാക്കം, അണ്ണാ നഗർ തുടങ്ങിയ ഹോട്സ്പോട്ടുകളിലാണ് പുതിയ കേസുകളിൽ കൂടുതൽ വരുന്നത് എന്നത് പുതിയ മേഖലകളിലേക്കു രോഗം പടർന്നിട്ടില്ലെന്ന ആശ്വാസം നൽകുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. തമിഴ്നാട്ടിൽ ആകെ കൊവിഡ് മരണം 25 ആയി.
content highlights: Chennai Records Highest Single-day Spike in Covid-19 Cases