ഇന്ത്യയിൽ ഇന്നലെ മാത്രം 73 കൊവിഡ് മരണം; 31332 കൊവിഡ് ബാധിതർ

Coronavirus Deaths In India Cross 1,000-Mark, Biggest Jump In 24 Hours

രാജ്യത്ത് ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് 73 പേർ മരിച്ചു. ഒരു ദിവസം ഇത്രയധികം മരണം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1007 ആയി. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 31,332 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 1897 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. അസം സ്വദേശിയായ ഒരു സിആർപിഎഫ് ജവാനും ഇന്നലെ മരണത്തിനു കീഴടങ്ങി. ‍ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

മഹാരാഷ്ട്രയിൽ 9318 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഗുജറാത്തിൽ 3744 പേർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ 728 പേർക്ക് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചപ്പോൾ ഗുജറാത്തിൽ 196 പേർക്ക് വൈറസ് ബാധ കണ്ടെത്തി. ഗുജറാത്തിൽ 181 പേരും മഹാരാഷ്ട്രയിൽ 400 പേരും രോഗം ബാധിച്ച് മരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ച 1007 പേരിൽ 581 പേരും ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നാണ്.

ഉത്തർപ്രദേശിൽ 2053 പേർക്കും മധ്യപ്രദേശിൽ 2387 പേർക്കും ആന്ധ്രാപ്രദേശിൽ 1259 പേർക്കും രാജസ്ഥാനിൽ 2364 പേർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചു. 22,629 പേരാണ് ഇപ്പോൾ രാജ്യത്ത് ചികിത്സയിലുള്ളത്. 7695 പേർ രോഗമുക്തരായി. കോവിഡ് കേസുകളുടെ ഇരട്ടിക്കൽ നിരക്ക് 10.9 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. 

content highlights: Coronavirus Deaths In India Cross 1,000-Mark, Biggest Jump In 24 Hours

LEAVE A REPLY

Please enter your comment!
Please enter your name here