ഡല്‍ഹി സി.ആര്‍.പി.എഫ് ബറ്റാലിയനിലെ 47 സൈനികര്‍ക്ക് കോവിഡ്

ഡല്‍ഹി: ഡല്‍ഹി സി.ആര്‍.പി.എഫ് ബറ്റാലിയനിലെ 47 സൈനികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലുള്ള 55 കാരനായ സൈനികന്‍ ചൊവ്വാഴ്ച മരണപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ആയിരത്തോളം പേരടങ്ങുന്ന മുഴുവന്‍ ബറ്റാലിയനെയും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാറിലുള്ള 31-ാം ബറ്റാലിയനില്‍ കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് പോസിറ്റീവായ ജവാന്മാരെ നിലവില്‍ മാണ്ഡവലിയിലുള്ള ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 350 ജവാന്മാരുള്ള ക്യാമ്പിലാണ് മലയാളിയടക്കം നാല്പതിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

സി.ആര്‍.പി.എഫ് പാരാമെഡിക് യൂണിറ്റിലെ ഒരു നഴ്‌സിങ് അസിസ്റ്റന്റിന് ഏപ്രില്‍ 21നാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ ഡല്‍ഹി രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്. ഏപ്രില്‍ 24ന് ബറ്റാലിയനിലെ ഒമ്പത് ജവാന്‍മാര്‍ക്കും തൊട്ടടുത്ത ദിവസം 15 ജവാന്‍മാര്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം കൊവിഡ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ എല്ലാ ഔദ്യോഗിക വാഹനങ്ങളിലും സാനിറ്റൈസര്‍ മെഷീനുണ്ടെന്ന് ഉറപ്പാക്കണമെന്ന് സിആര്‍പിഎഫ് അധികൃതര്‍ ജവാന്മാരോടെ നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlight: Covid confirmed on 47 CRPF Soldiers in Delhi