തരിശുഭൂമിയില്‍ കൃഷിയിറക്കാന്‍ പലിശരഹിത വായ്പയും സബ്സിഡിയും ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തരിശ് ഭൂമിയില്‍ അടുത്ത മാസം മുതല്‍ കൃഷിയിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിന് ശേഷമുണ്ടാകാന്‍ സാധ്യതയുള്ള ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാനാണ് ഈ തീരുമാനം. കൃഷി വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് തോട്ടഭൂമിയും പാടങ്ങളും അടക്കം 1,09,000 ഹെക്ടര്‍ തരിശ് ഭൂമിയുണ്ട്. ഇവിടെ ഉടമകള്‍ക്കോ അല്ലെങ്കില്‍ ഉടമകളുടെ സമ്മതത്തോടെ സന്നദ്ധ സംഘടനകള്‍ക്കോ കടുംബശ്രീകള്‍ക്കോ മറ്റോ കൃഷിയിറക്കാവുന്ന തരത്തിലാണ് പദ്ധതി. ഇതിനായി സബ്സിഡിയും വായ്പയും അനുവദിക്കും. പലിശരഹിത വായ്പയോ കുറഞ്ഞ പലിശക്കുള്ള വായ്പയോ ആണ് അനുവദിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണക്കാലം കൂടി കണക്കിലെടുത്ത് അടുത്ത ജൂണ്‍-സെപ്റ്റംബര്‍ മാസങ്ങളില്‍ വിളവ് ലഭിക്കുന്ന ഹ്രസ്വകാല പദ്ധതികളാണ് ആദ്യ ഘട്ടത്തില്‍ നടത്തുക. പച്ചക്കറി ഉല്‍പ്പാദനത്തിലും ഗണ്യമായ വര്‍ധനവ് ഉണ്ടാക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിക്കും പദ്ധതി. ഇതിനായി വാര്‍ഷിക പദ്ധതിയില്‍ മെയ് പതിനഞ്ചിന് മുമ്പ് മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടു. വിപണന സാധ്യത വിപുലീകരിക്കാനായി ഗ്രാമങ്ങളിലും നഗരങ്ങളിലും കാര്‍ഷിക ചന്തകള്‍ തുടങ്ങും. ഇതില്‍ കുടുംബശ്രീക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും അവസരം നല്‍കും. പാല്‍ ഉല്‍പ്പന്നങ്ങളുടെ വര്‍ധന, മുട്ട, മത്സ്യ കൃഷി എന്നിവയും പദ്ധതിയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഭക്ഷ്യോല്‍പാദനങ്ങളുടെ വര്‍ധനവിനും, കാര്‍ഷികമേഖലയില്‍ കുതിച്ചുചാട്ടം നടത്തുന്നതിനും 3000 കോടി ചെലവഴിക്കാനാണ് തീരുമാനം. ഇതില്‍ 1500 കോടി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും മറ്റ് വകുപ്പുകളുടേയും പദ്ധതി വിഹിതത്തില്‍ നിന്ന് കണ്ടെത്തും. ബാക്കി 1500 കോടി നബാര്‍ഡ്, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വായ്പയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാര്‍ഷിക മേഖലയിലേക്ക് യുവജനങ്ങള്‍ വലിയ രീതിയില്‍ മുന്നോട്ട് വരണം. വിദേശത്ത് നിന്ന് ജോലി നഷ്ടപ്പെട്ട് തിരിച്ച് വരുന്നവരെ കൂടി കൃഷിയിലേക്ക് പങ്കാളികളാക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി വകുപ്പ് മന്ത്രിമാരുടേയും സെക്രട്ടറിമാരുടേയും യോഗം നടന്നു. കൃഷി വകുപ്പിനായിരിക്കും ഏകോപന ചുമതല. ജലസേചനം, മൃഗസംരക്ഷണം, സഹകരണം, വ്യവസായം, ഫിഷറീസ്, പട്ടിക ജാതി, പട്ടിക വര്‍ഗക്ഷേമം എന്നീ വകുപ്പുകളും പങ്കുചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Content Highlight: Kerala Government allot fund for farming to defend poverty after Covid Pandemic

LEAVE A REPLY

Please enter your comment!
Please enter your name here