ട്രഷറികളില്‍ ക്രമീകരണം; മെയ് നാലു മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കും

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പെന്‍ഷന്‍ വിതരണത്തിന് മേയ് നാലു മുതല്‍ എട്ടു വരെ ട്രഷറിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. മേയ് നാലിന് രാവിലെ 10 മുതല്‍ ഒന്നു വരെ പിടിഎസ്ബി അക്കൗണ്ട് നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെ പിടിഎസ്ബി അക്കൗണ്ട് നമ്പര്‍ ഒന്നില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും വിതരണം ചെയ്യും. ഇതേ ക്രമത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും പെന്‍ഷന്‍ വിതരണം നടത്തും.

ഒരു സമയം ട്രഷറി കാഷ്/ ടെല്ലര്‍ കൗണ്ടറുകള്‍ക്കു സമീപം പരമാവധി അഞ്ചു പേരെ മാത്രം അനുവദിക്കും. വരിനില്‍ക്കേണ്ടിവന്നാല്‍ ശാരീരിക അകലം പാലിക്കണം. ട്രഷറിയുടെ ടോക്കണ്‍/ കാഷ്/ ടെല്ലര്‍ കൗണ്ടറുകള്‍ക്ക് മുമ്പില്‍ കൂട്ടംകൂടിനില്‍ക്കരുത്. ഇടപാടുകള്‍ക്കായി ട്രഷറികളിലെത്തുന്ന എല്ലാവരും ട്രഷറിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് സോപ്പോ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിച്ചോ കൈകള്‍ അണുവിമുക്തമാക്കണം. മുഖാവരണം നിര്‍ബന്ധമായും ധരിക്കണം.

ട്രഷറികളില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുടെ വിശദവിവരങ്ങള്‍ ഒപ്പിട്ട ചെക്കിനോടൊപ്പം സമര്‍പ്പിച്ചാല്‍ ആവശ്യപ്പെടുന്ന തുക ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും. അപേക്ഷ നല്‍കുന്ന പെന്‍ഷന്‍കാര്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ക്ക് ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ സൗകര്യം ലഭ്യമാക്കുന്നതിനും ക്രമീകരണമുണ്ട്.

Content Highlight: Treasuries adjusted as per Covid Protocol to distribute Pension