ഒരാനയെ വച്ച് തൃശ്ശൂർ പൂരം നടത്താൻ അനുമതി വേണമെന്ന ആവശ്യം കളക്ടർ തളളി

collector rejected the demand for permission to conduct Thrissur pooram using one elephant

തൃശ്ശൂര്‍ പൂരം ഒരു ആനയെ ഉപയോഗിച്ച് നടത്താന്‍ അനുമതി നല്‍കണമെന്ന പാറമേക്കാവ് ദേവസ്വത്തിൻ്റെ ആവശ്യം ജില്ലാ കളക്ടര്‍ തള്ളി. അഞ്ച് ആളുകളെ മാത്രം ഉപയോഗിച്ച് ഒരാനപ്പുറത്ത് പൂരം നടത്തണമെന്ന ആവശ്യമാണ് തള്ളിയത്. ഒരാനയെ ഉപയോഗിച്ച് പൂരം നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ലഭിച്ചിട്ടില്ല. എന്നാല്‍ ലഭിച്ചാലും അനുമതി നല്‍കാനാവില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നതായും അതില്‍ മാറ്റം വരുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പൂരം പൂര്‍ണമായി ഒഴിവാക്കാന്‍ മന്ത്രിതലത്തില്‍ ദേവസ്വം ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ നേരത്തെ തീരുമാനമായിരുന്നു. എന്നാല്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ക്ഷേത്രത്തില്‍ കൊടിയേറ്റ് നടത്താനും ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകള്‍ മാത്രമായി ചുരുക്കി പൂരം നടത്താനും സർക്കാർ അനുമതി നൽകി. അഞ്ച് ആളുകളെ മാത്രം പങ്കെടുപ്പിച്ചായിരുന്നു ക്ഷേത്രത്തിനകത്ത് കൊടിയേറ്റ് നടന്നത്. തുടര്‍ന്നാണ് പുതിയ ആവശ്യവുമായി പാറമേക്കാവ് കളക്ടറെ സമീപിച്ചത്.

content highlights: collector rejected the demand for permission to conduct Thrissur pooram using one elephant