സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം തിങ്കളാഴ്ച മുതല്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം തിങ്കളാഴ്ച മുതല്‍ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. നിലവിലെ ഉത്തരവിനനുസരിച്ചുള്ള ശമ്പളമാണ് നല്‍കുക. അഞ്ച് മാസംകൊണ്ട് 2500 കോടി രൂപ മാറ്റിവെക്കപ്പെടും. ഇത്തരത്തില്‍ മാറ്റിവെക്കുന്ന തുക ട്രഷറിയില്‍ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കും. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.

ഹൈകോടതി ജഡ്ജിമാരുടെ ശമ്പളം പിടിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കുന്ന തരത്തിലാണ് സോഫ്റ്റ്‌വെയര്‍ ഒരുക്കിയിട്ടുള്ളത്. എന്നാല്‍ ഇത് ഹൈകോടതി ജഡ്ജിമാരുടെ ശമ്പളത്തിന് ബാധകമല്ല. സാലറി പിടിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തികളും സംഘടനകളും നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. അതെല്ലാം പരിശോധിച്ച് പ്രയാസമില്ലാത്ത തരത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സാലറി ചലഞ്ച് ഉപേക്ഷിച്ചു. സാലറി ചലഞ്ചിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഒരു വിഭാഗം ജീവനക്കാരുടെ സംഘടനകള്‍ അതിനെതിരായ വ്യാപകമായ ച്രാരണത്തിലും എതിര്‍പ്പിലുമായിരുന്നു. മുഖ്യമന്ത്രി തന്നെ നേരിട്ട് ജീവനക്കാരുടെ സംഘടനകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതാണ്. പ്രതിപക്ഷം മുട്ടാപ്പോക്ക് പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയാണുണ്ടായത്. ഇഷ്ടമുള്ളവര്‍ പണം തന്നാല്‍ മതിയെന്ന് പറഞ്ഞപ്പോഴും അതിനനുവദിക്കില്ലെന്ന് പറഞ്ഞു. അങ്ങനെയൊരു സാഹചര്യത്തിലാണ് സാലറി ചലഞ്ചു തന്നെ വേണ്ടെന്നു വെച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാര്‍ ശമ്പളത്തിന്റെ ഒരുഭാഗം താല്‍ക്കാലികമായിട്ട് ഒന്നു മാറ്റിവെക്കാനാണ് കാബിനറ്റ് ആവശ്യപ്പെട്ടത്. അപ്പോള്‍ ഇതെന്നു തിരിച്ചുകൊടുക്കുമെന്ന് പറയണമെന്നാണ് ആവശ്യപ്പെട്ടത്. ശമ്പളം പിടിച്ചു തീരുന്ന അഞ്ച് മാസത്തിനുള്ളില്‍ അക്കാര്യം പറയാമെന്ന് പറഞ്ഞിട്ടും പ്രതിപക്ഷം കോടതിയെ സമീപിക്കുകയായിരുന്നെന്നും ധനമന്ത്രി പറഞ്ഞു. കോടതി വിധിയെ ചോദ്യം ചെയ്യേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതിനാലാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്.

കേരളത്തിലെ പൊതുജനാഭിപ്രായം സര്‍ക്കാറിനൊപ്പമാണെന്ന കാര്യം വ്യക്തമാണ്. സര്‍ക്കാറിന് ഇക്കാര്യത്തില്‍ ആഹ്ലാദമൊന്നുമില്ല. നമ്മുടെ നാട്ടില്‍ ഇങ്ങനെയൊന്നുമല്ല കാര്യങ്ങള്‍ നടക്കേണ്ടത്. എല്ലാവരും അറിഞ്ഞും സഹകരിച്ചും മുന്നോട്ടു പോവുകയാണ് വേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Content Highlight: Kerala will start distributing salary of government staffs from Monday on wards