മലപ്പുറം: മലപ്പുറത്ത് നൂറോളം അന്യ സംസ്ഥാന തൊഴിലാളികള്‍ ഇന്ന് രാവിലെ ഒന്‍പതു മണിയോടെ തെരുവിലിറങ്ങി പ്രതിഷേധം നടത്തി. രാജ്യത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കെ നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് അന്യ സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. ചട്ടിപ്പറമ്പിലാണ് സംഭവം. പൊലീസെത്തി ഇവരെ ലാത്തി വീശി പിരിച്ചുവിട്ടു.
സംഭവസ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുകയാണ്. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിപ്പോയ അന്യ സംസ്ഥാന തൊഴിലാളികള്‍, ടൂറിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍, തുടങ്ങി കോവിഡ് ലക്ഷണങ്ങളില്ലാത്തവര്‍ത്ത് സ്വദേശത്തേക്ക് മടങ്ങാമെന്ന് കേന്ദ്ര ഉത്തരവ് പുറത്ത് വന്നിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് അഞ്ചാഴ്ച്ചയ്ക്ക് ശേഷമാണ് കേന്ദ്രം ഉത്തരവ് പുറത്തിറക്കുന്നത്.
കോവിഡ് ബാധ ഇല്ലാത്ത തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാനുള്ള അനുമതി നല്‍കണമെന്ന ഹരജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടിയതിന് പിന്നാലെയാണ് കേന്ദ്രം വിഷയത്തില്‍ ഉത്തരവ് പുറത്തിറക്കിയത്.
Content Highlight: Migrant workers strike at Malappuram on Covid Lock down