ഗുജറാത്ത് സൂറത്തിലെ ന്യൂ സിവില്‍ ആശുപത്രി എസൊലേഷൻ വാർഡിൽ നിന്ന് കാണാതായ രോഗിയെ മരിച്ച നിലയിൽ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന മുറിയ്ക്ക് സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളിലൊന്നായ മന്‍ ദര്‍വാജ മേഖലയില്‍ നിന്ന് ഏപ്രില്‍ 21 നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏപ്രിൽ 28 ചൊവ്വാഴ്ചയാണ് രോഗിയെ കാണാതാകുന്നത്. പൊലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും ഇയാൾ എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. ബുധനാഴ്ച വൈകുന്നേരത്തോടെ ഇയാളുടെ മൃതദേഹം കണ്ടെത്തി. ശരീരസ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചു.
രോഗികളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന പതിവില്ലാത്തതിനാല്‍ കൊവിഡ് ബാധ മൂലമാണ് ഇയാളുടെ മരണമെന്ന് റിപ്പോര്‍ട്ട് ചെയ്തതായി എന്‍സിഎച്ച് മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രീതി കപാഡിയ പറഞ്ഞു. സുരക്ഷാസംവിധാനങ്ങളോടെ രോഗിയുടെ മൃതദേഹം സംസ്‌കരിച്ചു. ഇയാളുടെ ഭാര്യയും മകളും ക്വാറൻ്റീനിലാണ്. രോഗി വാര്‍ഡില്‍ നിന്ന് കാണാതായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
content highlights: Covid-19 man who escaped from isolation ward found dead in Surat