മഹാരാഷ്ട്രയിൽ ആദ്യമായി പ്ലാസ്മ തെറാപ്പി നടത്തിയ കൊവിഡ് രോഗി മരിച്ചു. ബാന്ദ്ര ലീലാവതി ആശുപത്രിയിൽ ചികിത്സിലിരിക്കെയാണ് മരണം. 53 വയസുകാരനാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഏപ്രിൽ 20 നാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് തന്നെ രോഗിയുടെ അവസ്ഥ വളരെ മോശമായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. ചികിത്സക്ക് കാലതാമസം എടുത്തതിനെതുടർന്ന് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ രോഗിയെ ബാധിച്ചു തുടങ്ങിയിരുന്നു. ഇന്ത്യൻ മെഡിക്കൽ കൌൺസിൽ റിസേർച്ച് അനുമതിയോടെ ഏപ്രിൽ 25ന് രോഗിയിൽ ആദ്യ പ്ലാസ്മ തെറാപ്പി ചികിത്സ നടത്തി.
ആദ്യം നേരിയ പുരോഗതി കണ്ടിരുന്നുവെങ്കിലും ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് പ്ലാസ്മ തെറാപ്പി നിർത്തിവച്ചു. പിന്നീട് രോഗിയുടെ നില മോശമാവുകയായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടർ പറഞ്ഞു. മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു.
content highlights: First Covid-19 patient to receive plasma therapy in Maharashtra dies