ഡൽഹിയിൽ 68 സിആർപിഎഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മയൂർ വിഹാർ ഫേസ്-3 ഖോഡ കോളനിയിലെ 31ആം ബറ്റാലിയനിലെ ജവാന്മാർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച സിആർപിഎഫ് ജവാന്മാരുടെ എണ്ണം 122 ആയി. 100 പേരുടെ കൂടി പരിശോധന ഫലം കൂടി വരാനുണ്ട്. സിആർപിഎഫ് പാരാമെഡിക് യൂണിറ്റിൽ നഴ്സിംഗ് അസിസ്റ്റൻ്റായ ജവാനായിരുന്നു ആദ്യം കൊവിഡ് സ്ഥിരീകരിക്കുന്നത്. ഏപ്രിൽ 21 നാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. തുടർന്നാണ് ബറ്റാലിയനിൽ രോഗം വ്യാപിച്ചത്.
അസം സ്വദേശിയായ ഒരു ജവാൻ കഴിഞ്ഞാഴ്ച ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ഡ്യൂട്ടി വാഹനങ്ങളിൽ സാനിറ്റൈസർ മെഷീനുകൾ സ്ഥാപിക്കുന്നത് എല്ലാ കമ്പനികളും ഉറപ്പാക്കണമെന്ന് സിആർപിഎഫ് നിർദേശിച്ചിട്ടുണ്ട്. ഡ്യൂട്ടി ആവശ്യങ്ങൾക്ക് കൂടുതൽ വാഹനങ്ങൾ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.
content highlights: 68 more CRPF jawans test COVID-19 positive at Delhi camp