അടിയന്തരഘട്ടങ്ങളില്‍ കോവിഡ് രോഗികള്‍ക്ക് റെംഡെസിവിര്‍ മരുന്ന് നല്‍കുന്നതിന് അംഗീകാരം നല്‍കി യു.എസ്

വാഷിങ്ടണ്‍: അടിയന്തരഘട്ടങ്ങളില്‍ കോവിഡ് രോഗികള്‍ക്ക് റെംഡെസിവിര്‍ മരുന്ന് നല്‍കുന്നതിന് അംഗീകാരം നല്‍കി യു.എസ്. ആന്റി വൈറല്‍ മരുന്നായ റെംഡെസിവിറിന്റെ ക്ലിനിക്കല്‍ പരിശോധനയില്‍ കോവിഡ് രോഗികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കോവിഡ് ബാധിതരില്‍ അടിയന്തര ഉപയോഗത്തിനായി മരുന്ന് നല്‍കാന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയത്.

ആദ്യമായാണ് ഒരു മരുന്ന് കോവിഡിനെതിരെ ഗുണം ലഭിക്കുന്നതായി തെളിയിക്കപ്പെട്ടിരിക്കുന്നത്. ഇത് ശരിക്കും പ്രതീക്ഷ നല്‍കുന്ന സാഹചര്യമാണെന്നും വൈറ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. യു.എസ് കമ്ബനിയായ ഗിലെയാദ് നിര്‍മ്മിച്ചതാണ് റെംഡെസിവിര്‍. ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്കായുള്ള ആദ്യ ചുവടുവെപ്പാണിതെന്ന് ഗിലെയാദ് സി.ഇ.ഒ ഡാനിയേല്‍ ഓഡേ പറഞ്ഞു.

1.5 കോടി ഡോസുകള്‍ സൗജന്യമായി നല്‍കുമെന്ന് ഗിലെയാദ് കമ്ബനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് 140000 കോഴ്‌സുകള്‍ ഉണ്ടാകും. കുത്തിവെപ്പ് വഴിയാണ് റെംഡെസിവിര്‍ നല്‍കുക. പത്ത് ദിവസം തുടര്‍ച്ചയായി മരുന്ന് നല്‍കും. ഇങ്ങനെ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ പങ്കാളികളായ ചില രോഗികള്‍ക്ക് ഇതിനകം തന്നെ മരുന്ന് ലഭ്യമാക്കിയിരുന്നു. ഇവര്‍ മറ്റ് മരുന്ന് നല്‍കുന്ന രോഗികളേക്കാള്‍ 31 ശതമാനം വേഗത്തില്‍ രോഗമുക്തി നേടിയെന്ന് യു.എസ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഡിസീസ് (എന്‍.ഐ.എ.ഐ.ഡി) അറിയിച്ചിരുന്നു.

Content Highlight: The US has approved the use of Remedicavir medication for Covid patients in emergencies