ഇത് ചരിത്രം; ആഘോഷങ്ങളില്ലാതെ താന്ത്രിക ചടങ്ങുകള്‍ മാത്രമായി ഇന്ന് തൃശ്ശൂര്‍ പൂരം

തൃശ്ശൂര്‍: ആഘോഷങ്ങളില്ലാതെ താന്ത്രിക ചടങ്ങുകള്‍ മാത്രമായി തൃശ്ശൂര്‍ പൂരം ഇന്ന് നടക്കും. പൂര ദിവസമായ ഇന്ന് ക്ഷേത്രത്തിനകത്തെ ചടങ്ങുകള്‍ മാത്രം. ആറാട്ടൊഴികെ പുറത്തേയ്ക്കുള്ള എഴുന്നള്ളിപ്പുകള്‍ ഇല്ല. കോവിഡിന്റെ ലോക്ഡൗണ്‍ പ്രമാണിച്ചാണ് ഒരാനപ്പുറത്തെ പൂരം പോലും ഒഴിവാക്കിയത്. ചരിത്രത്തില്‍ ഇന്നേവരെ പൂരം മുടങ്ങിയപ്പോഴെല്ലാം ഒരാനപ്പുറത്ത് ചടങ്ങുകള്‍ നടന്നിരുന്നു. കോവിഡ് ഭീതി കാരണം ഒരാനയെപ്പോലും പുറത്തിറക്കാന്‍ കഴിഞ്ഞില്ല. താന്ത്രിക ചടങ്ങുകള്‍ മാത്രം നടന്നു.

കൊടിയേറ്റവും കര്‍ശന നിയന്ത്രണങ്ങളോടെ ദേശക്കാരെ ഒഴിവാക്കിയാണ് നടന്നത്. പൂരത്തില്‍ പങ്കാളികളായ എട്ടു ഘടക ക്ഷേത്രങ്ങളും അടഞ്ഞു കിടക്കുകയാണ്. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും ഭക്തര്‍ക്കു പ്രവേശനമില്ല. തൃശൂര്‍ പൂരത്തിന്റെ പരമ്പരാഗത ആചാരങ്ങളും ചടങ്ങുകളും കൃത്യമായി പൂര്‍ത്തിയാക്കണമെങ്കില്‍ ആനയും മേളവും വെടിക്കെട്ടും വേണം. ഒരു ആനയെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താന്‍ ശ്രമിച്ചെങ്കിലും അനുമതി കിട്ടിയില്ല. അടുത്ത പൂരം കെങ്കേമമാക്കാമെന്ന പ്രതീക്ഷയാണ് ദേശക്കാര്‍ക്ക്.

ഒമ്പതുമണിയോടെ താന്ത്രിക ചടങ്ങുകള്‍ പൂര്‍ത്തിയാക്കി പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍ അടയ്ക്കും. കഴിഞ്ഞ കൊല്ലം ആളും ആര്‍പ്പുവിളികളുമായി നിറഞ്ഞുനിന്ന വടക്കുംനാഥ ക്ഷേത്രവും സമീപ പ്രദേശങ്ങളും ഇന്ന് നിശബ്ദമാണ്. ഒരു പൂരം മുതല്‍ അടുത്ത പൂരം വരെയെന്ന തൃശ്ശൂര്‍കാരുടെ കാലഗണനയെയാണ് ഈ നിയന്ത്രണങ്ങള്‍ താളം തെറ്റിച്ചിരിക്കുന്നത്. എങ്കിലും ആളുകള്‍ ഈ യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെട്ട് തുടങ്ങിയിരിക്കുകയാണ്.

Content Highlight: Thrissur pooram held today without mass audience