അഞ്ച് ദിവസത്തിനിടെ 7203 കൊവിഡ് പരിശോധനകൾ നടത്തി കേരളം; അഭിനന്ദിച്ച് ഐ.സി.എം.ആര്‍

covid 19 test increased in Kerala

5 ദിവസത്തിനിടെ 7203 കൊവിഡ് പരിശോധനകൾ നടത്തി കേരളം. പ്രതിദിന ശരാശരി 1440 ആയി. പരിശോധനകളിൽ ആദ്യം മുന്നിലായിരുന്ന കേരളം പിന്നീട് എണ്ണം കുറച്ചിരുന്നു. പ്രതിദിനം ശരാശരി 420 പരിശോധന മാത്രമാണ് നടന്നിരുന്നത്. തുടർന്ന് മുഖ്യമന്ത്രി ഇടപെട്ട് എണ്ണം വർധിപ്പിക്കാൻ നിർദേശം നൽകി. പരിശോധനാ കിറ്റുകളുടെ കുറവാണ് ടെസ്റ്റുകൾ കുറയ്ക്കാൻ കാരണമായത്. ഇപ്പോള്‍ പഴയതിലും മൂന്നിരട്ടിയാണ് പരിശോധന നടക്കുന്നത്.

കൊവിഡ് പ്രതിരോധം, പരിശോധന, ചികിത്സ എന്നിവയില്‍ കേരളം രാജ്യത്തിനു മാതൃകയാണെന്ന് ഐ.സി.എം.ആര്‍ വക്താവും പകര്‍ച്ചവ്യാധി-സമ്പര്‍ക്ക രോഗവിഭാഗം മേധാവിയുമായ ഡോ. രാമന്‍ ഗംഗാഖേദ്കര്‍ പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണത്തെച്ചൊല്ലിയുള്ള ആശങ്കകൾ അസ്ഥാനത്താണെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും 5 ലക്ഷത്തോളം പേർ മടങ്ങിവരുന്ന സാഹചര്യം കൂടി പരിഗണിച്ച് കൂടുതൽ കിറ്റുകൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ സർക്കാർ തുടങ്ങിയിട്ടുണ്ട്. 3 ലക്ഷം ആർടി പിസിആർ കിറ്റുകളും 2 ലക്ഷം ആൻ്റിബോഡി ടെസ്റ്റ് കിറ്റുകളും വാങ്ങാനാണ് ശ്രമം. ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ ശക്തമാക്കാൻ 8 ലക്ഷം പിപിഇ സുരക്ഷാകിറ്റുകളും വാങ്ങും. നിലവിൽ 45,000 കിറ്റുകൾ മാത്രമെ ബാക്കിയുള്ളു. 

content highlights: covid 19 test increased in Kerala