തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന് കേരളത്തിന്റെ വരുമാനം 162 കോടിയായി കുറഞ്ഞുവെന്ന് ധനമന്ത്രി തോമസ് ഐസക്. 92 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ലോക്ഡൗണ്‍ ഒരാഴ്ച മാത്രമുണ്ടായിരുന്ന മാര്‍ച്ച് മാസത്തിലെ കണക്കാണിത്. സമ്പദ്‌വ്യവസ്ഥ പൂര്‍ണമായും അടച്ചിട്ട ഏപ്രിലില്‍ വരുമാനം ഇനിയും താഴും. കേന്ദ്രസര്‍ക്കാറിന്റെ സഹായമില്ലാതെ ഇനി മുന്നോട്ട് പോവാനാവില്ലെന്നും തോമസ് ഐസക് പറഞ്ഞു. ഫേസ്ബുക്കിലാണ് തോമസ് ഐസക്കിന്റെ പ്രതികരണം.
പ്രളയകാലത്തുപോലും 200 കോടി രൂപയുടെ കുറവേ വന്നുള്ളൂവെന്നും തോമസ് ഐസക് പ്രതികരിച്ചു. ഇന്ന് സമ്പദ്ഘടന മൊത്തത്തില്‍ അടച്ചുപൂട്ടിയതിനാലാണ് ഇത്രയും നഷ്ടം നേരിടേണ്ടി വന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭൂ ഇടപാട് രജിസ്‌ട്രേഷനുകളില്‍ നിന്ന് 255 കോടി രൂപയ്ക്ക് പകരം 12 കോടി മാത്രമാണ് ലഭിച്ചത്. കൂടാതെ, മദ്യത്തില്‍ നിന്നും നികുതി വരുമാനമൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം ഫേയ്‌സ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
കേന്ദ്രം കൂടുതലൊന്നും തന്നില്ലെങ്കിലും തരാനുള്ള കുടിശികയെങ്കിലും തരണമെന്ന് ധനമന്ത്രി വിമര്‍ശിച്ചു. ഏപ്രില്‍ മാസത്തെയും കൂടി കണക്കാക്കുകയാണെങ്കില്‍ 5000 കോടി രൂപയെങ്കിലും ജിഎസ്ടി നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം അനുവദിച്ച വായ്പയുടെ ഏതാണ്ട് 8500 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചതായും മന്ത്രി പറഞ്ഞു.
ഏപ്രിൽ മാസത്തെ നികുതി വരുമാനത്തിന്റെ കണക്കുകൾ തയ്യാറായി. ജിഎസ്ടി കഴിഞ്ഞ ഏപ്രിലിൽ 1766 കോടി രൂപ കിട്ടിയ സ്ഥാനത്ത് ഇപ്പോൾ 161 കോടി രൂപ. ഇത് മാർച്ച് മാസത്തെ വിറ്റുവരുമാനത്തിൽ നിന്നുള്ള നികുതിയാണെന്ന് ഓർക്കണം. മാർച്ച് മാസത്തിൽ ഒരാഴ്ചയല്ലേ ലോക്ഡൗൺ ഉണ്ടായുള്ളൂ. ഇതുമൂലം പ്രതീക്ഷിത വരുമാനത്തിൽ 92 ശതമാനം ഇടിവുണ്ടായെങ്കിൽ മാസം മുഴുവൻ അടച്ചുപൂട്ടിയ ഏപ്രിൽ മാസത്തിലെ നികുതി മെയ് മാസത്തിൽ കിട്ടുമ്പോൾ എത്ര വരുമെന്ന് ഊഹിക്കാവുന്നതാണ്. പ്രളയകാലത്തുപോലും 200 കോടി രൂപയുടെ കുറവേ വന്നുള്ളൂ. പ്രളയകാലത്ത് പ്രാദേശികമായേ അടച്ചുപൂട്ടൽ ഉണ്ടായുള്ളൂ. എന്നാൽ ഇന്ന് സമ്പദ്ഘടന മൊത്തത്തിൽ അടച്ചുപൂട്ടലിലാണ്. ഈ 161 കോടി രൂപ തന്നെ ബാങ്ക് ഇൻഷ്വറൻസ് തുടങ്ങിയ മേഖലകളിൽ നിന്നോ മാർച്ച് മാസത്തിൽ പെട്ടെന്നുള്ള ലോക്ഡൗൺമൂലം നികുതി അടയ്ക്കാൻ കഴിയാത്തവരുടെതോ ആയിരിക്കണം. ഭൂഇടപാടുകൾ നിലച്ചു. രജിസ്ട്രേഷനിൽ 255 കോടി രൂപയ്ക്ക് പകരം 12 കോടി മാത്രം. മദ്യത്തിൽ നിന്നും നികുതി വരുമാനമേ ഇല്ല. വാഹനനികുതിയിൽ നിന്ന് 300 കോടി രൂപയ്ക്കു പകരം 4 കോടി മാത്രമാണ് ലഭിച്ചത്. പെട്രോൾ, ഡീസൽ സെയിൽസ് ടാക്സ് 600 കോടി രൂപയ്ക്കു പകരം 26 കോടി മാത്രം. ഇതുതന്നെ സർക്കാർ വണ്ടികളിലടിച്ച പെട്രോളും ഡീസലുമാകാനാണ് സാധ്യത. അതേസമയം സർക്കാർ ചെലവ് കുത്തനെ ഉയർന്നുകൊണ്ടിരിക്കുകയാണ്. അത് ബോധപൂർവ്വം ചെലവാക്കുന്നതാണ്. ആരുടെ കൈയ്യിലും പണമില്ല. അതുകൊണ്ട് പഴയ കുടിശികകൾ തീർക്കുന്നതായാലും ഭാവിയിൽ കൊടുക്കേണ്ടത് അഡ്വാൻസായി നൽകിയാലും ഇപ്പോൾ മുൻഗണന പണം ജനങ്ങളുടെ കൈയിൽ എത്തിക്കലാണ്. പെൻഷനടക്കം ക്യാഷ് ട്രാൻസ്ഫർ മാത്രം 8000ത്തോളം കോടി രൂപ വരും. പിന്നെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ 2000ത്തോളം കോടി രൂപയുടെ കുടിശിക കൊടുത്തു തീർത്തുകൊണ്ടിരിക്കുകയാണ്. കുട്ടികളുടെ സ്കോളർഷിപ്പ്, വിവിധ ക്ഷേമാനുകൂല്യങ്ങൾ തുടങ്ങിയവയ്ക്കൊക്കെ മുൻഗണനയുണ്ട്. മെയ് മാസം പകുതിയാകുമ്പോഴേയ്ക്കും സർക്കാരിന്റെ എല്ലാ കുടിശികകളും കൊടുത്തു തീർത്തിരിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ രണ്ടാംഗഡു പണവും മെയ് മാസത്തിൽ അനുവദിക്കും. ഇതിനെല്ലാം പണം എവിടെ? കേന്ദ്രം കൂടുതലൊന്നും തന്നില്ലെങ്കിലും തരാനുള്ള കുടിശികയെങ്കിലും തരിക. ഏപ്രിൽ മാസത്തെയുംകൂടി കണക്കാക്കുകയാണെങ്കിൽ 5000 കോടി രൂപയെങ്കിലും ജിഎസ്ടി നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. കഴിഞ്ഞ വർഷം നമുക്ക് അനുവദിച്ച വായ്പയുടെ ഏതാണ്ട് 8500 കോടി രൂപ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. അത്തരമൊരു ആഘാതം ഇത്തവണ സഹിക്കേണ്ടിവരില്ലായെന്നു തോന്നുന്നു. ഈയൊരു സമാശ്വാസം ഒഴിച്ചാൽ ഇതുവരെ ഒരു അനുകൂല നീക്കവും കേന്ദ്രസർക്കാരിൽ നിന്നും ഉണ്ടായിട്ടില്ല.കഴിഞ്ഞ മാസം 5930 കോടി രൂപ കടമെടുത്താണ് കാര്യങ്ങൾ നടത്തിയത്. ഈ മാസം കടം വാങ്ങിയാണ് ശമ്പളം തന്നെ കൊടുക്കുന്നത്. ഇത് കേരളത്തിന്റെ മാത്രം അവസ്ഥയല്ല. പഞ്ചാബ് അടക്കമുള്ള പല സംസ്ഥാന സർക്കാരുകളുടെയും സ്ഥിതി ഇതാണ്. കോർപ്പറേറ്റുകൾക്കും മ്യൂച്ച്വൽ ഫണ്ടുകൾക്കുമെല്ലാം ഉദാരമായ സഹായ പാക്കേജുകൾ പ്രഖ്യാപിക്കുന്ന കേന്ദ്രസർക്കാർ വരുമാനം പൂർണ്ണമായും നിലച്ച സംസ്ഥാനങ്ങളെ അവഗണിക്കുന്നൂവെന്നതാണ് കൊവിഡ് കാലത്തെ ഏറ്റവും വലിയ വിരോധാഭാസം.
Gepostet von Dr.T.M Thomas Isaac am Samstag, 2. Mai 2020
Content Highlight: Finance Minister Thomas Issac on financial crisis during Covid