കോട്ടയം: കോവിഡ് ഭീതിയില്‍ അടച്ചിട്ട കോട്ടയം മാര്‍ക്കറ്റ് നാളെ തുറന്ന് പ്രവര്‍ത്തിക്കും. കര്‍ശന നിയന്ത്രണങ്ങളോടെയാണ് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
മാര്‍ക്കറ്റിനുള്ളിലെ ചുമട്ടു തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ 23ന് മാര്‍ക്കറ്റ് അടച്ചിട്ടത്. ഒരു മുന്നറിയിപ്പും ഇല്ലാതെ മാര്‍ക്കറ്റ് അടച്ചു പൂട്ടിയതോടെ കോടിക്കണക്കിന് രൂപയുടെ പഴവും പച്ചക്കറിയുമാണ് നശിച്ചത്. മാര്‍ക്കറ്റിനുള്ളില്‍ മറ്റാര്‍ക്കും കോവിഡ് ബാധിച്ചില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെയാണ് മാര്‍ക്കറ്റ് തുറക്കാന്‍ ജില്ലാഭരണകൂടം അനുമതി നല്‍കിയത്.
കര്‍ശന നിയന്ത്രണങ്ങളോടെയാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക. വില്‍പ്പനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി. മാര്‍ക്കറ്റിനുള്ളില്‍ ലോഡിറക്കാന്‍ പുലര്‍ച്ചെ 4 മുതല്‍ 9 വരെ മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. ലോഡുമായി വരുന്ന ലോറി ജീവനക്കാര്‍ക്ക് തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ക്ക് ശേഷം മാത്രമായിരിക്കും മാര്‍ക്കറ്റിലേക്ക് പ്രവേശനം നല്‍കുന്നത്. കൂടാതെ എല്ലാ ദിവസവും രാവിലെ 9 മുതല്‍ 11 മണിവരെ ശുചീകരണം നടത്തണം.11 മുതല്‍ 5 മണി വരെയാണ് കച്ചവടം നടത്താന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്.
Content Highlight: Kottayam Market will open from tomorrow