അന്യസംസ്ഥാന തൊഴിലാളികളുടെ യാത്രാക്കൂലി കേന്ദ്രം വഹിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: അന്യസംസ്ഥന തൊഴിലാളികളെ നാട്ടിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച് റെയില്‍വെയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുകയാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ യാത്രാക്കൂലി കേന്ദ്രം വഹിക്കണമെന്നാണ് ബി.ജെ.പി ഇതര സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്. കൊവിഡ് പ്രതിരോധത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ കേന്ദ്രം അനുമതി നല്‍കിയതോടെ വെള്ളിയാഴ്ച മുതല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഓടിത്തുടങ്ങിയിരുന്നു.

എന്നാല്‍, നിലവില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടില്‍പോകാന്‍ പണം കൈയില്‍നിന്ന് നല്‍കേണ്ട അവസ്ഥയുള്ളത്. ഒരു മാസം മുമ്പ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതു മുതല്‍ നാട്ടിലേക്ക് മടങ്ങാന്‍ തീവ്രമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധി സര്‍ക്കാര്‍ പരിഹരിക്കാന്‍ ശ്രമിച്ചുവരികയായിരുന്നു. എന്നാല്‍ സംസ്ഥാന നിലപാടിന് വിരുദ്ധമായി ചാര്‍ജ് തുക അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്നും ഈടാക്കി. പ്രാദേശിക സര്‍ക്കാര്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് കൈമാറുകയും ടിക്കറ്റ് ശേഖരിക്കുകയും മൊത്തം തുക റെയില്‍വെയ്ക്ക് കൈമാറുകയുമാണ് ചെയ്യുന്നത്.

ടിക്കറ്റ് നല്‍കുന്നതിലും വിതരണം ചെയ്യുന്നതിലും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചുമതലയിള്ളതിനാല്‍ ഇത് ഒരുവിഭാഗം രാഷ്ട്രീയമായി കാണുന്നു എന്നും ആരോപണം ഉണ്ട്. ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ യാത്രാ ചിലവ് കേന്ദ്രം വഹിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ട്രെയിന്‍ യാത്രയ്ക്കുള്ള തുക പാവപ്പെട്ട തൊഴിലാളികളില്‍ നിന്നും ബി.ജെ.പി സര്‍ക്കാര്‍ ഈടാക്കുന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വ്യക്തമാക്കി.

അതേസമയം, ഇതുസംബന്ധിച്ച് കേന്ദ്രം ഇതുവരെ ഒരു പ്രഖ്യാപനം നടത്തിയിട്ടില്ല. 36 ദിവസങ്ങള്‍ക്കു ശേഷമാണ കേന്ദ്രം കുടിയേറ്റക്കാര്‍ക്ക് തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ അനുവാദം നല്‍കിയത്. ഇതിനായി ബസുകളും ട്രെയിനുകളും അനുവദിച്ചു. മാര്‍ച്ച് 25 ന് പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിലും, പണം, പാര്‍പ്പിട സൗകര്യവും ഇല്ലാതായിരുന്നു. ബസില്‍ യാത്ര ചെയ്യാനുള്ള പരിമിതികള്‍ കണ്ട് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കുകയായിരുന്നു.

Content Highlight: Many States demanded the Center must taken the travel allowance of migrated workers