പ്രവാസികളുടെ മടങ്ങിവരവിന് കര്‍ശന ഉപാധികളുമായി കേന്ദ്രം

ന്യൂഡല്‍ഹി: പ്രവാസികളുടെ മടങ്ങിവരവില്‍ കേരളത്തിന്റെ നടപടികള്‍ക്ക് തിരിച്ചടി. കൊറോണ സാഹചര്യത്തില്‍ വിദേശത്തു കഴിയുന്നവര്‍ക്ക് സ്വദേശത്തേക്ക് തിരിച്ചെത്താന്‍ കര്‍ശന ഉപാധികളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വക്കുന്നത്. ഇതോടെ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും ഉടന്‍ തിരികെയെത്താന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. വീസാ കാലാവധി തീര്‍ന്നവര്‍ക്കും അടിയന്തര സ്വഭാവമുള്ളവര്‍ക്കും മാത്രമേ ഉടനെയുള്ള മടക്കത്തിന് അനുമതി നല്‍കാനാണ് കേന്ദ്ര നീക്കമെന്നാണ് വിവരം. ഇതനുസരിച്ച് കേന്ദ്ര പട്ടികയില്‍ നിലവിലുള്ളത് രണ്ട് ലക്ഷം പേര്‍ മാത്രമാണ്.

തിരിച്ച് വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ നടത്തുന്നത്. രജിസ്‌ട്രേഷന്‍ അടക്കമുള്ള നടപടികളും കേരളം വേഗത്തിലാക്കിയിരുന്നു. നോര്‍ക്ക വഴി മാത്രം നാല് ലക്ഷത്തോളം പേരാണ് മടങ്ങി വരവിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് എല്ലാവര്‍ക്കും ഉടന്‍ നാട്ടില്‍ മടങ്ങിയെത്താന്‍ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

പ്രവാസികള്‍ക്ക് മടങ്ങി വരവ് മാനദണ്ഡങ്ങള്‍ തയ്യാറാക്കാന്‍ വലിയ കൂടിയാലോചനകളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Content Highlight: Central Government made new instructions to bring back expatriates