അന്യ സംസ്ഥാന തൊഴിലാളികളുടെ ട്രെയിന്‍ കൂലി അടയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാര്‍: സോണിയ ഗാന്ധി

ന്യൂഡല്‍ഹി: അന്യ സംസ്ഥാന തൊഴിലാളികളുടെ ട്രെയിന്‍ കൂലി അടയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തിന്റെ വളര്‍ച്ചയുടെ അംബാസഡര്‍മാരെന്നും സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലെന്നുമാണ് സോണിയ ഗാന്ധി തൊഴിലാളികളെ വിശേഷിപ്പിച്ചത്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു നാല് മണിക്കൂര്‍ മുന്‍പു മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം പ്രഖ്യാപിച്ചതെന്നും ഇതാണ് തൊഴിലാളികള്‍ക്ക് നാട്ടിലെത്താന്‍ അവസരം നഷ്ടപ്പെടുത്തിയതെന്നും സോണിയ ഗാന്ധി ആരോപിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിലും റെയില്‍വേയും കേന്ദ്രസര്‍ക്കാരും അവരുടെ കൈയ്യില്‍ നിന്ന് പണം ഈടാക്കുന്നത് വിഷമകരമാണെന്നും സോണിയ വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ ഓരോ സംസ്ഥാനത്തെയും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ അതിഥി തൊഴിലാളികളുടെ യാത്രയ്ക്കായുള്ള ചെലവ് ഏറ്റെടുക്കാമെന്നും അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നും തീരുമാനിച്ചിട്ടുണ്ടെന്ന് സോണിയ പറഞ്ഞു.

നിലവില്‍ തൊഴിലാളികളില്‍ നിന്നും യാത്രാക്കൂലി ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ തുക റയില്‍വേയ്ക്ക് കൈമാറണം. എന്നാല്‍ ഈ തുക കേന്ദ്രം വഹിക്കണമെന്ന് ഇതിനോടകം പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlight: Congress to pay the train tickets of the needy migrant workers